കിലോമീറ്ററുകൾക്കപ്പുറം കാണും ‘ഗ്രിഫൺ കഴുകൻ’
text_fieldsവെറും ചുട്ടുപൊള്ളുന്ന മരുഭൂമി മാത്രമല്ല കുവൈത്ത്. ഋതുഭേദങ്ങളുടെ ആവർത്തനങ്ങളിൽ രാജ്യം പല കാലാവസ്ഥകളിലൂടെ കടന്നുപോകുന്നു. പല കാഴ്ചകൾക്കും സാക്ഷിയാകുന്നു. കുവൈത്തിലെ ശരത്കാലം അത്തരം കാഴ്ചകളുടെ വസന്തകാലമാണ്. രാജ്യത്ത് വൻതോതിൽ ദേശാടനപ്പക്ഷികൾ എത്തുന്ന സമയം. തണ്ണീർത്തടങ്ങളിലും കടലോരത്തും അവ പറന്നിറങ്ങും. ചില്ലകളിൽ കൂടുകൂട്ടും. ആകാശത്ത് ചിറകു വിരിക്കും. അങ്ങനെ കാഴ്ചകളുടെ വർണത്തൂവലുകൾ വിടർത്തി ദിവസങ്ങൾ കുവൈത്തിൽ തുടരും. ഒടുവിൽ മറ്റൊരു ദേശത്തേക്ക് പറന്നുപോകും. ഇതിനൊപ്പം കുവൈത്തിന്റെ മാത്രം പക്ഷിവർഗങ്ങളുമുണ്ട്. മരുഭൂമിയിലെ ചൂടും തണുപ്പും ഒരുപോലെ മറികടന്ന് അത്ഭുതപ്പെടുത്തുന്നവ. പല രൂപങ്ങളിൽ, കാഴ്ചകളിൽ, സ്വഭാവങ്ങളിൽ തുടരുന്നവ. മലയാളിയും പക്ഷിനിരീക്ഷകനുമായ ഇർവിൻ ജോസ് നെല്ലിക്കുന്നേൽ അവ പരിചയപ്പെടുത്തുന്നു. ‘കുവൈത്തിലെ തൂവൽ കുപ്പായക്കാർ’ എന്ന കോളത്തിലൂടെ
കുവൈത്തിലൂടെ ദേശാടനയാത്ര നടത്തുന്ന ചുരുക്കം കഴുകന്മാരിൽ ഒന്നാണ് യൂറേഷ്യൻ ഗ്രിഫൺ കഴുകൻ അഥവാ ഗ്രിഫൺ കഴുകൻ. എണ്ണം കൊണ്ട് കുവൈത്തിൽ ഏറ്റവും കൂടുതൽ കാണുന്നതും ഈ കഴുകന്മാരെ ആണ്. കൂട്ടമായി സഞ്ചരിക്കുന്ന ഇവയെ മിക്കപ്പോഴും ദേശാടന വേളയിൽ രണ്ടോ അതിലധികമോ വരുന്ന കൂട്ടങ്ങളായി കാണാറുണ്ട്. എന്നാൽ മറ്റു കഴുകന്മാരെ പോലെ കുവൈത്തിൽ ഇവ ഒരു ദിവസത്തിൽ കൂടുതൽ തങ്ങാറില്ല.
ചത്ത ജീവികളെ ഭക്ഷിക്കുന്ന ഇവ ഭക്ഷണം ദുർലഭമായ അവസരങ്ങളിൽ വിരളമായി മുറിവേറ്റതോ പരിക്കുപറ്റിയതോ ആയ മൃഗങ്ങളെ ഭക്ഷണമാക്കാറുണ്ട്. ഘ്രാണ ശക്തി തീരെ കുറവായ ഇവ അതി ശക്തമായ കാഴ്ചയെ ആശ്രയിച്ചാണ് ഭക്ഷണ സമ്പാദനം നടത്തുന്നത്.
ഒന്നര കിലോമീറ്റർ വരെ ഉയരത്തിൽ പറക്കുന്ന ഗ്രിഫൺ കഴുകന് കിലോമീറ്റർ ദൂരെ ചത്തു കിടക്കുന്ന മൃഗങ്ങളെ വരെ അനായാസം കാണാനാകും. തൂവലുകൾ ഇല്ലാത്ത വെള്ള നിറത്തിലുള്ള കഷണ്ടി തലയും കഴുത്തുമാണ്. പ്രായപൂർത്തിയായ കഴുകന്മാർക്ക് കറുപ്പ് കലർന്ന വെള്ളി നിറത്തിലുള്ള വലിയ കൊക്കുകളുണ്ട്.
തവിട്ടു കലർന്ന മണലിന്റെ നിറത്തിലുള്ള തൂവലുകളും നീളം കുറഞ്ഞു ചെറിയ വാലും ആണ്. പത്തു കിലോ വരെ ഭാരവും ചിറകുകൾ തമ്മിലുള്ള അകലം പത്തടി വരെ വരുകയും ചെയ്യുന്ന വമ്പൻ പക്ഷിയാണ് ഇവ. ശവശരീരങ്ങൾ ഭക്ഷിക്കുന്ന വേളയിൽ തലയിൽ അഴുക്കു പിടിക്കാതിരിക്കാനാണ് കഷണ്ടി തല എന്ന പഴയ ധാരണയിൽ നിന്നും മാറി തണുത്തതും ചൂടുള്ളതുമായ കാലാവസ്ഥയിൽ ശരീരോഷ്മാവ് നിയന്ത്രിക്കാൻ ഉള്ള മാർഗമാണെന്നു ഇതെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു.
കിഴുക്കാംതൂക്കായ മലനിരകളിൽ കൂട്ടമായി കൂടു കൂട്ടുന്ന ഇവ ഒരു മുട്ട മാത്രമേ ഒരു പ്രജനന കാലയളവിൽ ഇടാറുള്ളു. ഒരിക്കൽ ഇണചേർന്ന് കഴിഞ്ഞാൽ ജീവിതാവസാനം വരെ അത് കാത്തു സൂക്ഷിക്കുന്നു. പ്രജനന ജോലികളും തുല്യനിലയിൽ ചെയ്യുന്നു. കഴിക്കുന്ന ഭക്ഷണം ഛർദിച്ചാണ് കുട്ടികളെ ഊട്ടുന്നത്. കുട്ടികൾ സ്വയം പര്യാപ്തമാകാൻ നാലു മുതൽ അഞ്ചു മാസങ്ങൾ വരെ എടുക്കും.
2013 ൽ ഫ്രാൻസിൽ പർവതാരോഹണത്തിനു ഇടക്ക് വീണു മരിച്ച ഒരു സ്ത്രീയെ രക്ഷാപ്രവർത്തകർ എത്താൻ എടുത്ത 45 മിനിട്ടുകൾകൊണ്ട് തിന്നുതീർത്തു വാർത്തകളിൽ ഇടംപിടിച്ച കഴുകനും ഇവയാണ്. Gyps fulvus എന്നാണ് ശാസ്ത്രീയ നാമം. കുവൈത്തിൽ ശരത്കാലത്തും ശൈത്യകാലത്തും ജഹ്റയിലെ മരുപ്രദേശത്തും അപൂർവമായി കുവൈത്ത് സിറ്റിക്ക് അടുത്തും ഇവയെ കാണാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.