ഗൾഫ് കപ്പ്; ഒരുക്കം വിപുലം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഗൾഫ് കപ്പ് ഫുട്ബാളിനെ വരവേൽക്കാൻ ഒരുങ്ങുന്നു. ഈ മാസം 21 മുതൽ ജനുവരി മൂന്നു വരെയാണ് മത്സരങ്ങൾ.
ഇടവേളക്കുശേഷം കുവൈത്തിൽ തിരികെയെത്തുന്ന ചാംമ്പ്യൻഷിപ്പിനെ കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കുവൈത്ത്.
ടൂർണമെന്റിന്റെ ഒരുക്കം ഇൻഫർമേഷൻ മന്ത്രിയും സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരിയുടെ നേതൃത്വത്തിലുള്ള സ്റ്റിയറിങ് കമ്മിറ്റി വിലയിരുത്തി വരുന്നുണ്ട്. 1974, 1990, 2003, 2017 വർഷങ്ങളിൽ കുവൈത്ത് ഗൾഫ് കപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു.
ബഹ്റൈൻ, ഇറാഖ്, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, യമൻ എന്നീ എട്ടംഗ രാജ്യങ്ങൾ ഉൾപ്പെടുന്ന അറബ് ഗൾഫ് കപ്പ് ഫുട്ബാൾ ഫെഡറേഷന് കീഴിൽ 1970ലാണ് ഗൾഫ് കപ്പ് ആരംഭിച്ചത്.
കുവൈത്ത് 10 തവണ ജേതാക്കളായിട്ടുണ്ട്. ഇറാഖാണ് നിലവിലെ ചാമ്പ്യന്മാർ. പങ്കെടുക്കുന്ന ടീമുകൾ വൈകാതെ കുവൈത്തിലെത്തും. അർദിയ ജാബിർ സ്റ്റേഡിയം, സുലൈബിക്കാത്ത് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ. മത്സരങ്ങൾക്ക് മുന്നോടിയായി കുവൈത്ത് ടീം ഖത്തറിൽ പരിശീലനത്തിലാണ്.
ടിക്കറ്റ് വിൽപന വെബ്സൈറ്റിലൂടെ
കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പിന്റെ ടിക്കറ്റ് വിൽപന അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ മാത്രമാണെന്ന് കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി. വ്യാജ വെബ്സൈറ്റുകളെയും അക്കൗണ്ടുകളെയും കുറിച്ച് ആരാധകർക്ക് അസോസിയേഷൻ മുന്നറിയിപ്പും നൽകി.
ഗൾഫ് കപ്പ് ടൂർണമെന്റിന്റെ ടിക്കറ്റുകൾ ലഭിക്കുമെന്ന് അവകാശപ്പെട്ട് പല വെബ്സൈറ്റുകളും രംഗത്ത് എത്തിയതിന് പിറകെയാണ് അസോസിയേഷന്റെ പ്രതികരണം. പല സൈറ്റുകളും വഞ്ചനപരമാണെന്നും അവയിൽ കാണിച്ച നിരക്കുകൾ തെറ്റാണെന്നും കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.