ഗൾഫ് കപ്പ് ട്വന്റി 20: ആദ്യ ജയം കുവൈത്തിന് സൗദിക്കെതിരെ അഞ്ചു വിക്കറ്റ് ജയം
text_fieldsദോഹ: പ്രഥമ ഗൾഫ് ക്രിക്കറ്റ് ട്വന്റി20 ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ കുവൈത്തിന് ജയം. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ (വെസ്റ്റ് എൻഡ് ഇന്റർനാഷനൽ സ്റ്റേഡിയം) നടന്ന ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യയെ അഞ്ചു വിക്കറ്റിന് തോൽപിച്ചായിരുന്നു കുവൈത്തിന്റെ തുടക്കം. ആദ്യം ബാറ്റുചെയ്ത സൗദി അറേബ്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ കുവൈത്ത് ഒമ്പത് പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചു. സൗദിക്കായി ഫൈസൽ ഖാൻ (62 റൺസ്) അർധസെഞ്ച്വറി പ്രകടനവുമായി തിളങ്ങി. സഅദ് ഖാൻ (23), സൈനുൽ ആബിദ് (19) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ കുവൈത്തിനെ ഓപണർ രവിജ സാന്ദറുവാനു (58), അദ്നാൻ ഇദ്രീസ് (31) എന്നിവർ നൽകിയ തുടക്കം ടീമിന് അടിത്തറ പാകി. 51റൺസിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നീട് മീത് ഭവ്സറും (31) കൂടി ക്രീസിലെത്തിയതോടെ റൺസൊഴുക്ക് സുഗമമായി. മൂന്നിന് 131 എന്ന സുരക്ഷിതമായ നിലയിലെത്തിച്ചശേഷം മധ്യനിരയിൽ വിക്കറ്റുകൾ കൊഴിഞ്ഞെങ്കിലും വിജയം എളുപ്പത്തിലെത്തി. ശനിയാഴ്ച രണ്ടാമത്തെ മത്സരത്തിൽ കുവൈത്ത് ബഹ്റൈനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.