അതിരാവിലെ പത്രം കാത്തുനിൽക്കുന്നവർ...
text_fieldsകുവൈത്തിൽ എത്തി സ്ഥിരം ജോലിക്കായുള്ള നെട്ടോട്ടത്തിനിടയിൽ കസിൻ ബ്രദർ ലായിക്ക് അഹമ്മദാണ് ഫർവാനിയ ബ്ലോക്ക് ഒന്നിൽ ‘ഗൾഫ് മാധ്യമം’ പത്രം വിതരണം ചെയ്യുന്ന പാർട്ട്ടൈം ജോലിയുണ്ടെന്ന വിവരം അറിയിക്കുന്നത്. അതിരാവിലെ റൂമുകളിൽ പത്രം എത്തിക്കണം, ഒരു മണിക്കൂർ കൊണ്ട് തീരാവുന്ന പണി. പിന്നെ ഒന്നും നോക്കിയില്ല അതേറ്റെടുത്തു. അതുകൊണ്ട് തന്നെ പ്രവാസത്തിന്റെ ആദ്യ നാൾ മുതൽ ഗൾഫ് മാധ്യമവുമായി ബന്ധം സ്ഥാപിക്കാൻ സാധിച്ചിരുന്നു. വാർത്തചാനലുകളുടെ അതിപ്രസരണത്തിനു മുമ്പുള്ള കാലമായതിനാൽ നാട്ടിലേയും കുവൈത്തിലെയും വാർത്തകൾ അറിയാൻ എല്ലാവരും ആശ്രയിച്ചിരുന്നത് അതിരാവിലെ ലഭിച്ചിരുന്ന ഏക മലയാള പത്രമായ ഗൾഫ് മാധ്യമത്തെയായിരുന്നു.
ഫർവാനിയ ബ്ലോക്ക് ഒന്നിലെ യാസറിന്റെ ഹോട്ടലിൽ അതിരാവിലെ പത്രം കാത്തുനിൽക്കുന്ന കണ്ണൂരിലുള്ള ഒരു ഇക്കെയെയാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യം ഓർമ വരുന്നത്. ഹോട്ടലിൽ ഇടുന്ന പത്രം വായിച്ച് നോക്കിയേ മൂപ്പര് ജോലിക്ക് പോകൂ. അതുകൊണ്ട് തന്നെ ഞാൻ ഒരൽപം വൈകിയാൽ എന്നെ ആദ്യം ചീത്ത പറയുന്നതും മൂപ്പരാണ്. ബാച്ച്ലർ റൂമുകളിൽ ജോലിക്ക് പോകുന്നതിനു മുമ്പ് പത്രം ഒന്ന് മറച്ചു നോക്കാൻ എന്നെ കാത്തുനിൽക്കുന്ന ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. പത്ര വിതരണക്കാരന്റെ ജോലി ഒരുപാട് ആളുകളുമായി വ്യക്തിബന്ധം സ്ഥാപിക്കാൻ കാരണമാവുകയും പിന്നീടങ്ങോട്ടുള്ള എന്റെ സംഘടന പ്രവർത്തനത്തിൽ അതൊരു വലിയ മുതൽക്കൂട്ടായി മാറിയിട്ടും ഉണ്ട്.
വാർത്ത ചാനലുകളുടെ കുത്തൊഴുക്കിലും വർത്തമാന കാലത്ത് കുവൈത്ത് പ്രവാസി ഭൂമികയിൽ ‘ഗൾഫ് മാധ്യമ’ത്തിന് തല ഉയർത്തി നിൽക്കാൻ സാധിക്കുന്നത് വാർത്തകൾ വളരെ കൃത്യമായി നൽകുന്നു എന്നത് കൊണ്ടാണ്. കുവൈത്തിൽ എല്ലാതരം പ്രവാസികളും വായിക്കുന്ന ജനകീയ പത്രമായി അതുകൊണ്ട് തന്നെ ‘ഗൾഫ് മാധ്യമം’ മാറുകയും ചെയ്തു.
വാർത്തകളുടെ സത്യസന്ധമായ അവതരണത്തിനൊപ്പം പ്രവാസികളുടെ ശബ്ദമായും ആശ്വാസമായും ‘ഗൾഫ് മാധ്യമം’ മാറി. കോവിഡ് സമയത്ത് കുവൈത്തിൽ നിന്ന് വിമാന സൗകര്യം ഒരുക്കിയത് എടുത്തുപറയണം. പ്രവാസികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവിനു പോലും വിലക്കേർപ്പെടുത്തിയ സമയത്ത് ഗൾഫ് മേഖലയിൽ മരിച്ചുവീണവരുടെ ചിത്രങ്ങളാൽ ‘മാധ്യമം’ പ്രസിദ്ധീകരിച്ച മുഖപ്പേജും ലേഖനവും പ്രവാസികളുടെ ശബ്ദവും പ്രതിഷേധവും ആയിരുന്നു. 25ന്റെ നിറവിൽ നിൽക്കുന്ന ഗൾഫ് മാധ്യമത്തിന് അഭിനന്ദനങ്ങൾ. ഇനിയും പ്രവാസികളുടെ ശബ്ദമായി നിലകൊള്ളാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.