വായനയും എഴുത്തും പ്രചോദിപ്പിച്ച ‘മാധ്യമം’
text_fields2005ലാണ് ഞാൻ കുവൈത്തിൽ എത്തുന്നത്. കുവൈത്തി വീട്ടില്‍ ഡ്രൈവറായിട്ടായിരുന്നു ജോലി. മാസത്തിൽ ഒരിക്കല്‍ അവധി ദിവസം നാട്ടുകാരനും ബന്ധുവും കൂടിയായ ശംസുക്കയുടെ അബ്ബാസിയയിലെ റൂം സന്ദർശിക്കുന്ന പതിവുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു സന്ദർശനത്തിലാണ് ശംസുക്കയുടെ റൂമിൽ ആദ്യമായി ‘ഗൾഫ് മാധ്യമം’ കാണുന്നത്. നാട്ടിലുള്ളപ്പോഴേ വായനശീലം ഉള്ളത് കൊണ്ടും കുവൈത്തിൽ അന്ന് പത്രങ്ങൾ ലഭ്യമല്ലാത്തതുകൊണ്ടും ‘ഗൾഫ് മാധ്യമം’ കണ്ടപ്പോൾ എന്നിലെ വായനക്കാരൻ ഉണർന്നു.
അന്ന് അബ്ബാസിയയിൽ നിന്നു തിരിച്ചു പോകുമ്പോൾ പഴയ ഒരു കെട്ട് പേപ്പറും കൊണ്ടാണ് മടങ്ങിയത്. പിന്നീട് ഇതൊരു പതിവായി. എന്റെ റൂമിലെത്തിക്കുന്ന പത്രം ഞങ്ങൾ മലയാളികള്‍ പങ്കുവെച്ചു വായിക്കും. അതിനിടെയാണ് ‘പ്രവാസി വിചാര വേദി’ എന്ന ഒരു പംക്തി ‘ഗൾഫ് മാധ്യമ’ത്തില്‍ വെള്ളിയാഴ്ചകളിലുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. എഴുതി ശീലമൊന്നും ഇല്ലെങ്കിലും കുവൈത്തി വീട്ടിലെ ജോലിക്കിടയിലും ഞാൻ ഒരു കുറിപ്പെഴുതി അയച്ചു കൊടുത്തു. അത് പ്രസിദ്ധീകരിച്ചു വന്നത് വലിയ സന്തോഷം ഉണ്ടാക്കി. പിന്നീട് ഇടക്ക് വെള്ളിയാഴ്ചകളില്‍ എഴുതുന്നത് പതിവായി. അങ്ങനെയിരിക്കെ നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് വന്നു. അന്ന് ഗൾഫ് മാധ്യമത്തില്‍ പ്രവചന മത്സരം ഉണ്ടായിരുന്നു. 140 മണ്ഡലങ്ങള്‍ ആര് ജയിക്കും എന്ന് പ്രവചിക്കണം. ആയിരിക്കണക്കിന് ആളുകൾ പങ്കെടുത്ത മത്സരത്തില്‍ ഞാനും പങ്കാളിയായി.
75 ആളുകൾ അന്ന് മുഴുവന്‍ ശരിയുത്തരം നൽകിയിരുന്നു. ഇതിൽ നിന്നും 25 പേരെ നറുക്കെടുത്താണ് സമ്മാനർഹരെ തിരഞ്ഞെടുത്തത്. ആ കൂട്ടത്തിൽ 23ാമത്തെ ആളായി ഞാനും ഉൾപ്പെട്ടു എന്നത് അഭിമാനത്തോടെ ഓർക്കുന്നു. അതിലാണ് ജീവിതത്തിൽ ആദ്യമായി സമ്മാനവും ലഭിച്ചത്. പിന്നീട്, കമ്പനിയില്‍ ജോലി കിട്ടിയതിനു ശേഷം മാധ്യമം കുടുംബവുമായി കൂടുതൽ അടുപ്പം ഉണ്ടായി. കുറെ കാലം ‘ഗൾഫ് മാധ്യമം’ പത്ര വിതരണം നടത്തുകയും ചെയ്തു. കോവിഡ് കാലത്ത് പ്രവാസികൾക്ക് ആശ്വാസമായി ‘ഗൾഫ് മാധ്യമം’ നൽകി 100 ഫ്ലൈറ്റ് ടിക്കറ്റ് എയർ പോര്‍ട്ടില്‍ എത്തിച്ചതും ഞാനായിരുന്നു. എന്നും പ്രവാസികള്‍ക്ക് താങ്ങും തണലുമായി നിലനിൽക്കുന്ന ‘ഗൾഫ് മാധ്യമ’ത്തിന് എല്ലാ ആശംസകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.