ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ഗ്രൂപ് ‘എജുകഫേ’: അഭിരുചി തിരിച്ചറിയാം; എജുകഫേയിൽ ‘സിജി’ തയാറാണ്
text_fieldsകുവൈത്ത്സിറ്റി: കരിയർ രംഗത്ത് ഏത് കോഴ്സ് തെരഞ്ഞെടുക്കണമെന്ന ആശങ്കയിലാണോ നിങ്ങൾ? ഇത്തരം വിദ്യാർഥികൾക്ക് ആശ്വാസമായി ‘സിജി’ ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ഗ്രൂപ്പ് ‘എജുകഫേ’യിൽ ഉണ്ടാകും.
തുടർ പഠന രംഗത്ത് ഓരോ വിദ്യാർഥികൾക്കും അനുയോജ്യമായ കോഴ്സുകൾ ഇതുവഴി തിരഞ്ഞെടുക്കാം.
ചർച്ചകളും വിവിധ സെഷനുകളും മാത്രമല്ല, വിദ്യാർഥികൾക്ക് തങ്ങളുടെ ഉള്ളിലുറങ്ങിക്കിടക്കുന്ന പ്രതിഭ തിരിച്ചറിയാനുള്ള സൗകര്യംകൂടിയാണ് ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ഗ്രൂപ്പ് ‘എജുകഫേ’ ഒരുക്കുന്നത്.
ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കുന്ന ‘എജുകഫേ’യിലെ ഏറ്റവും ആകർഷകമായ ഒന്നാണ് പ്രശസ്ത വിദ്യാഭ്യാസ-തൊഴിൽ മാർഗനിർദേശക സ്ഥാപനമായ സിജി (സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) സംഘടിപ്പിക്കുന്ന അഭിരുചി നിർണയ പരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്).
എന്താണ് അഭിരുചി?
ജന്മസിദ്ധമായി ലഭിച്ച കഴിവുകളെയാണ് അഭിരുചി എന്ന് വിശേഷിപ്പിക്കുന്നത്. ഒരു കഴിവുമില്ലാതെ ആരും ലോകത്ത് ജനിക്കുന്നില്ല. എന്നാൽ ഏറ്റവും നന്നായി ഉപയോഗിക്കാൻ കഴിയുന്ന കഴിവുകളെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുക എന്നതാണ് പ്രധാനം. പഠനരംഗത്തും പാഠ്യേതര രംഗത്തും മികച്ച വിജയം നേടിയെടുക്കാൻ കുട്ടിയുടെ അഭിരുചി കണ്ടെത്തിയാൽ നിസ്സംശയം സാധിക്കും. ഉന്നത വിദ്യാഭ്യാസത്തിന് ഏതു കോഴ്സും തിരഞ്ഞെടുക്കുന്നത് അഭിരുചിക്കനുസൃതമാണെങ്കിൽ വലിയ ജീവിതവിജയം നേടാൻ സാധിക്കും.
സിജി‘ സി-ഡാറ്റ്’
ലോകത്ത് പരീക്ഷിച്ചു വിജയിച്ച അനേകം അഭിരുചി നിർണയ പരീക്ഷകളുണ്ട്. എന്നാൽ പാശ്ചാത്യ നാടുകളുടെ സാഹചര്യത്തിൽ നിർമിച്ച ഇത്തരം ടെസ്റ്റുകൾ നമ്മുടെ നാടിനനുയോജ്യമാവാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ സാഹചര്യങ്ങൾ മനസ്സിലാക്കി തയാറാക്കിയ അഭിരുചി നിർണയ പരീക്ഷകൾക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്. സിജി നൽകുന്ന ‘സി-ഡാറ്റ്’ അതിനൊരു ഉദാഹരണമാണ്.
സിജി, കരിയർ ഗൈഡൻസ് രംഗത്തും വിദ്യാഭ്യാസ രംഗത്ത് കുട്ടികൾക്ക് ഉന്നത വിജയം കൈവരിക്കാനുതകുന്ന പരിപാടികളും ഗവേഷണങ്ങളും നടത്തുന്ന ഇന്ത്യയിലെ പ്രമുഖ സന്നദ്ധ സംഘമാണ്.
സിജിയുടെ ഗവേഷക വിഭാഗം തയാറാക്കി പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് കൃത്യമായ ദിശാ ബോധം നൽകിയ അഭിരുചി നിർണയ പരീക്ഷയാണ് ‘സി ഡാറ്റ്’. ഹൈസ്കൂൾ-ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന ടെസ്റ്റ് പൂർണമായും ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്. കുവൈത്തിലുള്ള വിദ്യാർഥികൾക്ക് എട്ട് ദീനാർ നൽകി ‘സി-ഡാറ്റ്’ ടെസ്റ്റിൽ പങ്കടുക്കാം.
‘സി ഡാറ്റ്’ ഫലത്തിന്റെ അടിസ്ഥാനത്തിൽ സിജിയുടെ വിദഗ്ധരായ കരിയർ കൗൺസിലർമാർ നൽകുന്ന വ്യക്തിഗത ഗൈഡൻസിൽ കുട്ടിയുടെ അഭിരുചിയും താൽപര്യങ്ങളും ഭൗതിക സാഹചര്യങ്ങളും വിലയിരുത്തി വ്യക്തമായ കരിയർ പ്ലാൻ തയാറാക്കാം. ഉന്നത വിദ്യാഭ്യാസത്തിന് തെരഞ്ഞെടുക്കേണ്ട കോഴ്സ്, സ്ഥാപനം, അഡ്മിഷൻ നേടാനുമുള്ള വഴികൾ എന്നിവയെല്ലാം ടെസ്റ്റ് കഴിഞ്ഞുള്ള കൗൺസലിങ്ങിലൂടെ വിശദീകരിക്കും.
എല്ലാ സംശയങ്ങൾക്കും ‘കരിയർ ക്ലിനിക്’
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി നൽകുന്ന ‘കരിയർ ക്ലിനിക്’ സംവിധാനവും ‘സിജി’ എജുകഫേയിൽ ഒരുക്കിയിട്ടുണ്ട്.
അതുകൂടാതെ വിവിധ കോഴ്സുകൾ, അവയുടെ സാധ്യതകൾ, യോഗ്യത, കോഴ്സ് വിവരങ്ങൾ തുടങ്ങി എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന കരിയർ ചാർട്ടുകളും എജുകഫേയിലുണ്ടാകും. സിജി സെക്രട്ടറി കബീർ പരപ്പൊയിൽ, സിജി കരിയർ ഡിവിഷൻ ഡയറക്ടർ അസ്കർ. കെ എന്നിവരായിരിക്കും ‘സിജി’ സെഷനുകൾ നയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.