‘ഗൾഫ് മാധ്യമം’ വിവരങ്ങൾക്ക് വിശ്വസനീയ ഉറവിടം
text_fieldsപ്രഭാതപ്പുലരിയിൽ വാർത്തകൾ വായിച്ചു ശീലിച്ച മലയാളികൾക്ക് മരുഭൂമിയിൽ അവരുടെ ഭാഷയിൽ പത്രം വായിക്കുക എന്നത് വായനക്കൊപ്പം ആനന്ദം നൽകുന്ന ഒന്നാണ്. ആശയ വിനിമയ രംഗത്ത് സാങ്കേതിക വിദ്യകൾ വ്യാപക പ്രചാരം നേടിയിട്ടില്ലാത്ത കാലത്ത്, പ്രാദേശിക ഭാഷയിൽ വിദേശത്ത് പത്രമാരംഭിക്കുക എന്നത് ശ്രമകരമായിരുന്നു. ധീരമായ കർമമാണ് ‘മാധ്യമം’ ഈ മേഖലയിൽ നടത്തിയത്. മലയാളത്തിലെ ഇരുത്തം വന്ന വാർത്ത മാധ്യമങ്ങൾ മടിച്ചു നിൽക്കുന്ന കാലത്താണ് ‘ഗൾഫ് മാധ്യമം’ എന്ന പേരിൽ മാധ്യമം ദിനപത്രം മരുഭൂമിയിൽ ശക്തമായ ചുവടുവെക്കുന്നത്.
മുഴുസമയ സ്ഥാപനമായി ബഹ്റൈനിൽ വിത്തിട്ട മാധ്യമം ഇന്ന് ജി.സി.സികളിലാകെ പടർന്നു പന്തലിച്ചു വലിയ മാധ്യമ സ്ഥാപനമായി വളർന്ന് കഴിഞ്ഞു. മലയാളത്തിലെ പത്രങ്ങൾ ഗൾഫ് രാജ്യങ്ങളിൽ ലഭ്യമായിരുന്നെങ്കിലും ദിവസങ്ങൾ വൈകി, പഴകിയ വാർത്തകളുമായാണ് എത്തിയിരുന്നത്. എന്നാൽ, കേരളത്തിന് സമാനമായി രാവിലെ മരുഭൂമിയിലെ കടകളിലും ഫ്ലാറ്റുകളിലും ‘ഗൾഫ് മാധ്യമം’ ലഭ്യമായി തുടങ്ങി. പത്രവായനക്ക് മുൻതൂക്കം നൽകുന്ന മലയാളി സമൂഹത്തിന് ഇത് വലിയ ആശ്വാസമായി. ജോലിക്ക് പോകുന്നതിനു മുമ്പും ശേഷവും പത്രം വായിക്കുന്നത് ശീലവും ആശ്വാസവുമായി. പ്രവാസികളുടെ പ്രശ്നങ്ങളെ സർക്കാറുകൾക്ക് മുന്നിൽ എത്തിക്കുക, പ്രവാസ ലോകത്തെ നിയമങ്ങളെക്കുറിച്ച് പ്രവാസികളെ ബോധവാന്മാരാക്കുക, ശരിയായ വാർത്തകൾ നൽകി സമൂഹത്തിൽ അവബോധം സൃഷ്ടിക്കൽ എന്നിവയിൽ ‘ഗൾഫ് മാധ്യമം’ വഹിച്ച പങ്ക് ചെറുതല്ല. തൊഴിലിടങ്ങളിലെ തീക്ഷ്ണമായ അനുഭവങ്ങൾക്ക് പരിഹാരം കാണാൻ ‘ഗൾഫ് മാധ്യമം’ വാർത്തകളിലൂടെ സാധിച്ചിട്ടുണ്ട്.
ഗൾഫ് സമൂഹത്തിനുള്ളിലെ വിവിധ കാഴ്ചപ്പാടുകൾക്കും ശബ്ദങ്ങൾക്കുമുള്ള വേദിയായും ‘ഗൾഫ് മാധ്യമം’ മാറി. ഉൾക്കാഴ്ചയുള്ള വിശകലനങ്ങളും ആഴത്തിലുള്ള പഠനങ്ങളും കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ധാരണക്ക് കാരണമായി. സമകാലിക പ്രശ്നങ്ങളുമായുള്ള ഇടപഴകലും സാമൂഹിക, സാംസ്കാരിക, മത സംഘടനകളുടെ മരുഭൂമിയിലെ വളർച്ചക്കും അനൽപമായ പങ്കുവഹിച്ചു മാധ്യമം. സമഗ്രതയോടെയും അർപ്പണബോധത്തോടെയും വിഷയങ്ങളെ കാണാനുള്ള ഗൾഫ് മാധ്യമത്തിന്റെ കഴിവ് അഭിനന്ദനം അർഹിക്കുന്നു. ഇതിനാൽ തന്നെ ‘ഗൾഫ് മാധ്യമം’ ഇന്ന് ഗൾഫിലെ വിവരങ്ങൾക്ക് വിശ്വസനീയമായ ഉറവിടമാണ്. കാൽ നൂറ്റാണ്ട് പിന്നിട്ട ഗൾഫ് മാധ്യമത്തിന് ആശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.