നന്ദി, ‘ഇളനീർ’ മധുരത്തിന്...
text_fieldsകുവൈത്ത് സിറ്റി: പ്രവാസ ഭൂമികയിൽ മലയാളികളുടെ കൂടെ സഞ്ചരിക്കുന്ന ‘ഗൾഫ് മാധ്യമം’ പ്രവാസികൾക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടിക്ക് നന്ദി പറഞ്ഞ് കുവൈത്ത്.
‘ഗൾഫ് മാധ്യമം’ രജത ജൂബിലി ആഘോഷ ഭാഗമായി വെള്ളിയാഴ്ച ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ശിഫ അൽ ജസീറ ഗ്രൂപ് പ്രസന്റസ് മാംഗോ ഹൈപ്പർ ‘ഇളനീർ’ ആഘോഷം കുവൈത്ത് പ്രവാസിസമൂഹം ഇതുവരെ കാണാത്ത വേറിട്ട സാംസ്കാരിക സന്ധ്യയായി. ആഘോഷത്തിലേക്ക് ഒഴുകിയ എത്തിയ ജനം കാൽനൂറ്റാണ്ടായി ‘ഗൾഫ് മാധ്യമ’ത്തിന് നൽകുന്ന പിന്തുണയുടെ അടയാളപ്പെടുത്തലായി.
കേരളത്തിന്റെ വർത്തമാനവും ചരിത്രവും സൂക്ഷ്മമായി വിലയിരുത്തപ്പെട്ട ‘എന്റെ സ്വന്തം കേരളം പറയുന്നതും പറയേണ്ടതും’ സംവാദ സദസ്സ് മലയാളിയുടെ സംവാദ സംസ്കാരത്തിലെ ഗുണാത്മകവും പ്രതിലോമകരവുമായ വശങ്ങളെക്കുറിച്ച ചർച്ച വേദിയായി.
മാധ്യമം ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, നടനുംസംവിധായകനും എഴുത്തുകാരനുമായ മധുപാൽ, സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ കെ.കെ. ബാബുരാജ്, മാധ്യമപ്രവർത്തകൻ നിഷാദ് റാവുത്തർ എന്നിവർ ഉൾപ്പെട്ട പാനൽ മലയാളിയുടെ ഇന്നും ഇന്നലെകളും സൂക്ഷ്മമായി വിലയിരുത്തൽ നടത്തി.
മലയാളത്തിലെ നിത്യഹരിത ഗാനങ്ങളുമായി പിന്നണി ഗായിക സിതാരയും മിഥുൻ ജയരാജും ബൽരാമും സദസ്സിനെ കൈയിലെടുത്തു. മലയാളി മൂളിനടക്കുന്ന പാട്ടുകൾ ആസ്വാദകരുടെ ഉള്ളിലും പാട്ടിന്റെ ‘ഇളനീർ’ മധുരം നിറച്ചു. സദസ്സും ഗായകരോടൊപ്പം അവ ഏറ്റുമൂളി.
മലയാളത്തിലെ മഹാപ്രതിഭകളായ ദേവരാജൻ മാസ്റ്ററും ദക്ഷിണാമൂർത്തി സ്വാമിയും എം.എസ്. ബാബുരാജും ജോൺസൺ മാസ്റ്ററും എം.ജി. രാധാകൃഷ്ണനും രവീന്ദ്രൻ മാസ്റ്ററും ഈണമിട്ട ഗാനങ്ങൾ കോർത്തിണക്കിയ ‘ഇളനീർ’ സമ്മാനിച്ച അവിസ്മരണീയ ഓർമകളുമായാണ് കുവൈത്തിലെ പ്രവാസി സമൂഹം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.