ഗൾഫ് മാധ്യമം മെട്രോ മെഡിക്കൽ ഗ്രൂപ് ‘എജുകഫേ’: ദിശാബോധം സമ്മാനിച്ച് സമാപനം
text_fields
മംമ്ത മോഹൻദാസ് മെട്രോ മെഡിക്കൽ ഗ്രൂപ് സ്റ്റാൾ സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിലേക്ക് പുതിയ ദിശാബോധവും പഠന മുന്നേറ്റത്തിൽ ആത്മവിശ്വാസവും സമ്മാനിച്ച് ഗൾഫ് മാധ്യമം മെട്രോ മെഡിക്കൽ ഗ്രൂപ് ‘എജുകഫേക്ക്’ പ്രൗഢസമാപനം. രണ്ടു ദിവസമായി അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന മേളയിൽ വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവർത്തകരുമായി ആയിരങ്ങൾ ഭാഗമായി.
ജി.സി.സി രാജ്യങ്ങളിലെ മികച്ച വിദ്യാഭ്യാസ-കരിയർ മേളയെന്ന ഖ്യാതി നേടിയ എജുകഫേ യു.എ.ഇ, ഖത്തർ, ഇന്ത്യ എന്നിവിടങ്ങളിലെ വിജയകരമായ തുടർച്ച കുവൈത്തിലും ആവർത്തിച്ചു. ശനിയാഴ്ച രാവിലെ 10 മുതൽ എക്സിബിഷൻ സ്റ്റാളുകൾ സജീവമായി. ഇന്ത്യയിലെയും വിദേശത്തെയും യൂനിവേഴ്സിറ്റികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ തുടങ്ങി ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകളിൽ വിദ്യാർഥികൾക്കു വേണ്ട മാർഗനിർദേശങ്ങൾ ലഭിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്, അൽ അൻസാരി എക്സ്ചേഞ്ച് എന്നിവയുടെ സ്റ്റാളുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു.
ഉച്ചയോടെ വിവിധ കളികളിലുടെ വലിയ കാര്യങ്ങൾ അവതരിപ്പിച്ച് രാജ് കലേഷ് കുട്ടികളെയും മുതിർന്നവരെയും കൈയിലെടുത്തു. ബയോഹാക്കർ മെഹ്റൂഫ് സി.എം അവതരിപ്പിച്ച പഠന സാധ്യതകളുമായി ബന്ധപ്പെട്ട സെഷൻ കുട്ടികൾക്ക് ആവേശമായി. മത്സര പരീക്ഷയിലെ സാങ്കേതികവിദ്യ ഉപയോഗങ്ങളെക്കുറിച്ച് റേയ്സ് എയിഗൺ ഡയറക്ടർ ഫർഹാൻ സംസാരിച്ചു.
പ്രമുഖ മനഃശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ആരതി സി. രാജരത്നവും കുട്ടികളും രക്ഷിതാക്കളുമായി സംവദിച്ചു. പി.എം ഫൗണ്ടേഷൻ അവാർഡ് വിതരണവും ചടങ്ങിൽ നടന്നു. നടി മമ്ത മോഹൻദാസ് ‘ജീവിത വിജയ വഴികൾ’ സദസ്സുമായി പങ്കുവെച്ചു. എ.പി.ജെ അബ്ദുൽ കലാം ഇന്നവേഷൻ അവാർഡ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. മനസ്സിന്റെ ഉള്ളറകളിലൂടെ സഞ്ചരിച്ച മെന്റലിസ്റ്റ് ആദിയുടെ ‘ഇൻസോംനിയ’യോടെ എജുകഫേക്ക് സമാപ്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.