ഹജ്ജ് : ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി വ്യോമയാന വകുപ്പ്
text_fieldsകുവൈത്ത് സിറ്റി: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിന് ഹാജിമാരെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി അധികൃതർ. കുവൈത്ത് വാർത്താ ഏജൻസിയുമായി നടത്തിയ അഭിമുഖത്തിൽ വ്യോമയാന വകുപ്പ് മേധാവി എൻജിനീയർ യൂസുഫ് അൽ ഫൗസാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തുനിന്നുള്ള ഹാജിമാരെ സൗദിയിലെത്തിക്കുന്നതിനുള്ള വിമാന ഷെഡ്യൂളുകൾക്ക് രൂപമായിട്ടുണ്ട്. കുവൈത്ത് എയർവേസ്, സൗദി എയർവേസ്, നാസ് എയർവേസ്, അൽ ജസീറ എന്നീ വിമാന കമ്പനികളും ഹജ്ജ് ഹംലകളും ഇതുസംബന്ധിച്ച ധാരണ പൂർത്തിയാക്കിയിട്ടുണ്ട്. തിരക്ക് കുറക്കാൻ വിമാനത്താവളത്തിൽ യാത്രാ നടപടികൾ പൂർത്തിയാക്കുന്നതിന് 20 കൗണ്ടറുകൾ ഏർപ്പെടുത്തും. വിമാനത്തിൽ കയറുന്നതിെൻറ 24 മണിക്കൂറോ 48 മണിക്കൂറോ മുമ്പായി ബോഡിങ് പാസ് ലഭ്യമാക്കാനുള്ള നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും യൂസുഫ് അൽ ഫൗസാൻ കൂട്ടിച്ചേർത്തു.
അനുമതിയില്ലാതെ ഹജ്ജ് ഹംലകൾ സംഘടിപ്പിക്കുന്നവർക്ക് ഒരു വർഷം തടവ്
കുവൈത്ത് സിറ്റി: പ്രത്യേക അനുമതിയില്ലാതെ വിശ്വാസികളെ ഹജ്ജിന് കൊണ്ടുപോകുന്ന ഗ്രൂപ് ഉടമകൾക്ക് ഒരു വർഷം തടവും 50,000 ദീനാർ (1,70,000 ഡോളർ) പിഴയും ശിക്ഷ ലഭിക്കുമെന്ന് ഔഖാഫ്–ഇസ്ലാമികകാര്യ മന്ത്രി മുഹമ്മദ് അൽ ജബ്രി മുന്നറിയിപ്പ് നൽകി. 2015ലെ പരിഷ്കരിച്ച ഹജ്ജ് ക്രമീകരണ നിയമപ്രകാരമാണിത്. ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവർ എല്ലാത്തിനും മുമ്പ് തങ്ങളെ കൊണ്ടുപോകുന്ന ഹംലകൾക്ക് നിയമപ്രകാരമുള്ള അനുമതിയുണ്ടോയെന്ന് ഉറപ്പാക്കണം. അവസാന സമയത്ത് ഹംലകൾ നിയമലംഘനത്തിന് പിടിക്കപ്പെട്ടാൽ ഹജ്ജ് കർമം നിർവഹിക്കാനുള്ള തങ്ങളുടെ സൗകര്യമാണ് അതുവഴി നഷ്ടപ്പെടുകയെന്ന് മന്ത്രി ഓർമപ്പെടുത്തി. അതിനിടെ, ഹജ്ജ് വേളയെ മറ്റ് ലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്താതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ലഘുലേഖ വിതരണം, സംഘം ചേരൽ, വിഭാഗീയ പ്രവർത്തനങ്ങൾ എന്നിവക്ക് സൗദി അധികൃതർ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികളിൽനിന്ന് ഹാജിമാർ വിട്ടുനിൽക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.