ഹജ്ജ് തീർഥാടനം: നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ഹംലകൾക്കെതിരെ നടപടി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്നും ഹജ്ജ് തീർഥാടനത്തിന് പോകുന്നവർക്കുള്ള നിബന്ധനകൾ പുറത്തിറക്കി ഔഖാഫ് മന്ത്രാലയം. ഹംലകൾ പ്രഖ്യാപിത സേവനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്നും ഔഖാഫ് മന്ത്രാലയം വ്യക്തമാക്കി. 65 വയസ്സിൽ താഴെ ഉള്ളവർക്ക് മാത്രമാണ് ഹജ്ജിന് അനുമതി നൽകുക. കോവിഡ് പശ്ചാത്തലത്തിൽ സൗദിയാണ് പ്രായ നിബന്ധന വെച്ചത്. തീർഥാടകർ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം.
സൗദിയിൽ എത്തുമ്പോൾ 72 മണിക്കൂർ സാധുതയുള്ള പി.സി.ആർ പരിശോധന റിപ്പോർട്ട് ഹാജരാക്കണം. ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കുമ്പോൾ മാസ്‌ക് ധരിക്കണം, കോവിഡ് ചികിത്സ ചെലവുകൾ കവർ ചെയ്യുന്ന ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണം എന്നിവയാണ് മറ്റു നിബന്ധനകൾ. ഇവയെല്ലാം സൗദി പൊതുവായി ഏർപ്പെടുത്തിയ നിബന്ധനകളാണ്. 3,622 പേർക്കാണ് ഈ വർഷം കുവൈത്തിൽനിന്ന് ഹജ്ജിന് അനുമതി നൽകുക. കോവിഡ് പ്രതിസന്ധിക്ക് മുമ്പ് ഇത് 8000 ആയിരുന്നു.
ഈ വർഷം ഹജ്ജ് തീർഥാടകരുടെ ആകെ എണ്ണം പത്തു ലക്ഷമായി സൗദി പരിമിതപ്പെടുത്തിയ സാഹചര്യത്തിലാണ് കുവൈത്തിന്‍റെ വിഹിതവും കുറഞ്ഞത്.
രാജ്യത്തെ തീർഥാടക ക്വാട്ടയുടെ 15 ശതമാനം കുറഞ്ഞ നിരക്കിലുള്ള ഹജ്ജ് യാത്രകൾക്കായി നീക്കിവെക്കുമെന്നും അധികൃതർ പറഞ്ഞു.
കുവൈത്തിൽനിന്ന് ഹജ്ജിന് പോകുന്നവർക്ക് ഇൗ വർഷം 3000 മുതൽ 4000 ദീനാർ വരെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ. ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് 40 ശതമാനം അധികമാണ്. ക്വാട്ട കുറച്ചതും യാത്രക്കും താമസത്തിനും മറ്റുമുള്ള ചെലവുകൾ വർധിച്ചതുമാണ് മൊത്തം ചെലവും വർധിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.