വെറുപ്പ് സൗഹാർദാന്തരീക്ഷത്തെ തകർക്കുന്നു –ഹമീദ് വാണിയമ്പലം
text_fieldsകുവൈത്ത് സിറ്റി: ഒന്നിച്ചുനിൽക്കുന്ന സമൂഹങ്ങൾക്കിടയിൽപോലും ഭിന്നിപ്പ് സൃഷ്ടിക്കുന്നതരത്തിൽ വെറുപ്പിന്റെ പൊതുബോധനിർമിതി മാറിയിട്ടുണ്ടെന്നും ഇന്ത്യയിലെ സൗഹാർദപരമായ സാമൂഹിക അന്തരീക്ഷത്തെ അത് തകർത്തുകൊണ്ടിരിക്കുകയാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ പ്രവാസി വെൽഫെയർ കുവൈത്തിന്റെ പ്രഖ്യാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യരീതിയിൽ പ്രതികരിക്കുന്ന പ്രതിപക്ഷശബ്ദങ്ങളെ വേട്ടയാടുകയാണ് ഫാഷിസ്റ്റ് ഭരണകൂടം. അപരവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുവേണ്ടി പോരാടുന്ന ആക്ടിവിസ്റ്റുകളെ തുറുങ്കിലടക്കുകയാണ്. കോർപറേറ്റ് ശക്തികളോടുള്ള ചങ്ങാത്തം രാജ്യത്തിന്റെ അടിസ്ഥാന സ്വത്തുക്കൾ അവർക്ക് തീറെഴുതിക്കൊടുക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്നേറ്റമാണ് കേരളത്തിൽ ഫാഷിസത്തിന്റെ വേരോട്ടം തടഞ്ഞത്.
എന്നാൽ, മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് അതിന്റെ തുടർച്ചയുണ്ടാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി വെൽഫെയർ കുവൈത്തിന്റെ പുതിയ ലോഗോ പ്രകാശനം ഹമീദ് വാണിയമ്പലം നിർവഹിച്ചു. പ്രസിഡന്റ് അൻവർ സയീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അനിയൻ കുഞ്ഞ്, റസീന മുഹിയുദ്ദീൻ, ലായിക് അഹമ്മദ്, ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി എന്നിവർ സംസാരിച്ചു.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ജനറൽ സെക്രെട്ടറി ഗിരീഷ് വയനാട് സമ്മാനങ്ങൾ വിതരണം ചെയ്തു. ഈ വർഷത്തെ ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ വിഡിയോ കോൺഫറൻസിലൂടെ പരിപാടിക്ക് ആശംസ നേർന്നു.
വെൽഫെയർ കേരള കുവൈത്തിന്റെ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തുന്ന വിഡിയോ റിപ്പോർട്ട് മീഡിയ കൺവീനർ ജസീൽ ചെങ്ങളാൻ അവതരിപ്പിച്ചു. ജനറൽ സെക്രെട്ടറി റഫീഖ് ബാബു പൊൻമുണ്ടം സ്വാഗതവും പ്രോഗ്രാം കൺവീനർ സി.പി. നൈസാം നന്ദിയും പറഞ്ഞു.
ആകർഷകമായി കലാപരിപാടികൾ
കുവൈത്ത് സിറ്റി: വെൽഫെയർ കുവൈത്തിന്റെ പ്രഖ്യാപന സമ്മേളനത്തിൽ അവതരിപ്പിച്ച കലാപരിപാടികൾ ആകർഷകമായി. ഫിസ ഫൈസൽബാബു, സൈനബ് ആസിഫ്, നുസാഹ് സർമിൻ, മുഹമ്മദ് ഹനിൻ, ഇഫ്ഫാ റുക്കിയ, നഫ്ല സഫ്വാൻ എന്നിവർ പാർട്ടി ഗാനം ആലപിച്ചു.
സിയാന ഷാഹുൽ, ഐഷ സഹ്റ, ഐഷ സൈനബ്, സുഹാന ഷാഹുൽ, ഫിദ റാഷിദ്, നൂറ അൻവർ സഈദ്, ഇഫ അഫ്താബ്, നബ നിമത്ത്, ആയിഷ തസ്ഫിയ, മിസ്ന സൈനബ് എന്നിവർ ദേശീയഗാനം ആലപിച്ചു. എം.കെ. ഗഫൂർ, എം.എം. നൗഫൽ, ശഫീക്ക് ബാവ, മുക്സിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി.
വിവിധ വകുപ്പ് കൺവീനർമാരായ സഫ്വാൻ, നയീം, അബ്ദുൽ വാഹിദ്, നിഷാദ് ഇളയത്, റഷീദ് ഖാൻ എന്നിവർ നേതൃത്വം നൽകി. അയിഷ, ഫായീസ് അബ്ദുല്ല എന്നിവർ അവതാരകരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.