ഹജ്ജ് തീർഥാടകരുടെ ആരോഗ്യ മാർഗനിർദേശം പുറത്തിറക്കി
text_fieldsകുവൈത്ത് സിറ്റി: ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്കുള്ള ആരോഗ്യ മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. സൗദി അംഗീകരിച്ച കോവിഡ് വാക്സിൻ രണ്ട് ഡോസെങ്കിലും സ്വീകരിച്ചിരിക്കണം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് സമയപരിധിയിൽ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കണം.
കോവിഡ് പശ്ചാത്തലത്തിൽ സൗദിയാണ് പ്രായനിബന്ധന വെച്ചത്. ഹജ്ജ് കർമങ്ങൾ നിർവഹിക്കുമ്പോൾ മാസ്‌ക് ധരിക്കണം, കോവിഡ് ചികിത്സ ചെലവുകൾ കവർ ചെയ്യുന്ന ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണം എന്നിവയാണ് മറ്റു നിബന്ധനകൾ. സർക്കാർ സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ സഹൽ ആപ്ലിക്കേഷൻ വഴിയാണ് കുവൈത്ത് ഔഖാഫ് മന്ത്രാലയം ഹജ്ജിന് അപേക്ഷ സ്വീകരിക്കുന്നത്. 3,622 പേർക്കാണ് ഈ വർഷം കുവൈത്തിൽനിന്ന് ഹജ്ജിന് അനുമതി നൽകുക. കോവിഡ് പ്രതിസന്ധിക്കു മുമ്പ് ഇത് 8000 ആയിരുന്നു. ഈ വർഷം ഹജ്ജ് തീർഥാടകരുടെ ആകെ എണ്ണം പത്തു ലക്ഷമായി സൗദി പരിമിതപ്പെടുത്തിയ സാഹചര്യത്തിലാണ് കുവൈത്തിന്‍റെ വിഹിതവും കുറഞ്ഞത്.
രാജ്യത്തെ തീർഥാടക ക്വോട്ടയുടെ 15 ശതമാനം കുറഞ്ഞ നിരക്കിലുള്ള ഹജ്ജ് യാത്രകൾക്കായി നീക്കിവെച്ചിട്ടുണ്ട്.ഗർഭിണികൾ, കുട്ടികൾ, ഇൻഫ്ലുവൻസപോലെ വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവർ എന്നിവർ ഈ വർഷം തീർഥാടനം മാറ്റിവെക്കണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.