ആരോഗ്യ ഇൻഷുറൻസ് കമ്പനിയുമായി കരാർ നീട്ടാൻ അനുമതി
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ നീട്ടാൻ ആരോഗ്യ മന്ത്രാലയത്തിന് സൂപ്പർവൈസറി ബോഡിയിൽനിന്ന് അനുമതി ലഭിച്ചു.
നിലവിലുള്ള കമ്പനിക്ക് ആറുമാസം കൂടിയാണ് കാലാവധി നീട്ടിനൽകുക. ജൂലൈ 28 മുതൽ 2019 ജനുവരി അവസാനം വരെയാണ് കരാർ. മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇഖാമ പുതുക്കുന്നതിന് മുമ്പ് വിദേശികളിൽനിന്ന് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം സ്വീകരിക്കുന്നതും ഹെൽത്ത് ഇൻഷുറൻസ് കാർഡ് നൽകുന്നതും ഉൾപ്പെടെയുള്ള ജോലികൾ സ്വകാര്യ കമ്പനിയാണ് കരാർ അടിസ്ഥാനത്തിൽ നിർവഹിച്ചുപോരുന്നത്. നേരത്തേ കമ്പനിയുമായുള്ള കരാർ പുതുക്കുകയില്ലെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നുവെങ്കിലും പുതിയ ടെൻഡർ നടപടികൾ പൂർത്തിയാവാത്തതിനെ തുടർന്ന് നിലവിലെ കമ്പനിയുമായുള്ള കരാർ തുടരാൻ നിർബന്ധിതരാവുകയായിരുന്നു.
പുതുക്കിനൽകില്ലെന്ന് വ്യക്തമാക്കിയതിന് ശേഷം തുടർച്ചയായി മൂന്നാം തവണയാണ് ആറുമാസം വീതം കരാർ നീട്ടുന്നത്. പുതിയ ടെൻഡർ എടുക്കുന്നതിന് മന്ത്രാലയം തയാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇത് എങ്ങുമെത്തിയിട്ടില്ല. അടുത്തിടെ നടത്തിയ ടെൻഡർ നടപടികൾ റദ്ദാക്കിയതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.