ഉറക്കം പ്രധാനം; നോമ്പുകാലത്തും
text_fieldsദൈനംദിന ജീവിതക്രമം തെറ്റുന്നതിനാൽ ഉപവസിക്കുന്ന ചിലരിലെങ്കിലും ഉറക്കമില്ലായ്മ കണ്ടുവരാറുണ്ട്. ആഹാരക്രമവും സമയക്രമവും മാറുന്നതാണ് ശാരീരിക പ്രവർത്തനങ്ങളുടെ മാറ്റത്തിന് നിദാനം. അതേസമയം, പ്രാർഥനകളിലും വിവിധ കർമങ്ങളിലും മുഴുകുന്നതിനാൽ കൃത്യമായി ഉറങ്ങാത്തവരും ഉണ്ട്. രണ്ടു കാര്യങ്ങളിലും ഒരുപോലെ ശ്രദ്ധവേണ്ടതുണ്ട്.
മനസ്സിനും ശരീരത്തിനും ഒരുപോലെ അനുപേക്ഷണീയമായ ഒരു ജീവധർമ പ്രക്രിയയാണ് ഉറക്കം. ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു ഉപാധി എന്ന നിലക്ക് ഉറക്കത്തിനുള്ള സ്ഥാനം വലുതാണ്. ജന്തുലോകത്തിലെ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, മത്സ്യങ്ങൾ എന്നിവയെല്ലാം ഉറങ്ങാറുണ്ട്. ഉറക്കം ജന്തുക്കളിൽ അവയുടെ നിലനിൽപിനാവശ്യമായ പ്രക്രിയയാണെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ടാണ് ഉറക്കം നഷ്ടപ്പെടുന്ന മനുഷ്യർക്ക് മറ്റു സമയങ്ങളിൽ വലിയ അസ്വസ്തതകൾ പ്രകടമാകുന്നത്.
ഉറക്കം എന്നും മനുഷ്യന് അജ്ഞാതമായ ഒരു കാര്യമാണ് എന്നതിനാൽ വിവിധ പഠനങ്ങളും ഈ വിഷയത്തിൽ നടന്നുവരുന്നുണ്ട്. ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് സർകാഡിയം ക്ലോക്ക് എന്ന സാങ്കൽപിക ഘടികാരമാണ്. ഇതിന്റെ പ്രവർത്തനം നേരാംവണ്ണം നടക്കാൻ കൃത്യമായ ഉറക്കം കൂടിയേ തീരൂ. ഉറങ്ങുമ്പോൾ ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ്, ശരീര ഊഷ്മാവ്, രക്തസമ്മർദം എന്നിവ ഉണർന്നിരിക്കുന്ന സമയത്തിനേക്കാൾ കുറവായിരിക്കും.
റമദാൻ രാവുകളിലെ സജീവത ഉറക്ക സമയത്തിന്റെ താളം തെറ്റിക്കും. രാത്രി നല്ല ഉറക്കം ലഭിക്കണമെന്നില്ല. പകൽനേരത്ത് കുറച്ചു സമയം ഉറക്കത്തിനായി നീക്കി വെക്കുകയാണ് ഇതിന് പോംവഴി. രാത്രികാലം അനാവശ്യമായി സമയം നഷ്ടമാകാതെയും നോക്കണം. നേരത്തെ ഉറങ്ങാൻ ശ്രമിക്കുക, ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുക, മൊബൈൽ ഫോൺ ഉപയോഗം കുറക്കുക, ചായ, കാപ്പി വേണ്ടെന്നു വെക്കുക എന്നിവ ശ്രദ്ധിക്കാം.
ആവശ്യത്തിന് ഉറക്കം ലഭിക്കാതെ ഒരു ജോലിയും കൃത്യമായി ചെയ്യാനാകില്ല. ക്ഷീണവും തലവേദനയും ഉണ്ടാകും. വാഹനം ഓടിക്കുന്നവരാണെങ്കിൽ ശ്രദ്ധയും ദിശയും തെറ്റും. ഏകാഗ്രത നഷ്ടപ്പെടും. ഇത് അപകടങ്ങൾക്ക് ആക്കം കൂട്ടും. ക്ഷമയും സഹനവും ജാഗ്രതയും കൂടിയാണ് ഉപവാസം എന്നറിയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.