നോമ്പുകാലത്തെ ആരോഗ്യപ്രശ്നം; വയറും ശ്രദ്ധിക്കണം ........
text_fieldsഅമിത ഭക്ഷണം ഒഴിവാക്കുക, കൊഴുപ്പും കലോറിയും കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക, കോളകളും ചായയും കാപ്പിയും മധുരമുള്ള പാനീയങ്ങളും കുറക്കുക എന്നിവ വഴി നോമ്പ് കാലത്ത് ആരോഗ്യപൂർണമായ ജീവിതശൈലി രൂപപ്പെടുത്താം. പകൽ നോമ്പെടുക്കുകയും രാത്രി വയറുനിറയെ തിന്നുകയും ചെയ്താൽ നോമ്പിലൂടെ ആരോഗ്യനേട്ടങ്ങൾ കൈവരിക്കാനാകില്ല.
എന്തു കഴിക്കുന്നു, എത്ര കഴിക്കുന്നു, എപ്പോൾ കഴിക്കുന്നു എന്നിവ ഭക്ഷണക്കാര്യത്തിൽ പ്രധാനമാണ്. കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, മിനറൽസ്, വിറ്റമിൻ, ഫൈബർ ഇതെല്ലാം ഭക്ഷണത്തിന്റെ പ്രധാന ഘടകങ്ങളാണ്.
ഇവ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ഒരുസമയം വയർ നിറച്ചും ആഹാരം കഴിച്ചാൽ ആമാശയത്തിന് വേണ്ടവിധം പ്രവർത്തിക്കാനാവില്ല. അത് ഒഴിവാക്കണം. എല്ലാവരും ഒരേ അളവിലല്ല ആഹാരം കഴിക്കേണ്ടതും വലിയ അധ്വാനം വരുന്ന ജോലി ചെയ്യുന്നവർക്ക് കൂടുതൽ ഭക്ഷണം വേണം. അധ്വാനം കുറവുള്ള ജോലിയാണെങ്കിൽ ആഹാരം കുറക്കണം. നോമ്പെടുക്കുന്നവരും ഈ കാര്യങ്ങൾ ഓർമയിൽ ഉണ്ടാകണം. ഇതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
● അമിത ഭക്ഷണം ഒഴിവാക്കുക: ഒരു വലിയ അളവ് ഭക്ഷണവുമായി നോമ്പ് തുറക്കുന്നത് വയറുവേദനക്കും കടുത്ത ആസിഡ് റിഫ്ലക്സിനും ഇടയാക്കും. പകരം ലഘുഭക്ഷണത്തോടെ നോമ്പ് തുറക്കുക. തുടർന്ന് ചെറിയ ഇടവേളകളിലായി മിതമായി മാത്രം കഴിക്കുക.
● കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുക: കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ദഹിക്കാൻ ഒരുപാട് സമയമെടുക്കും. ഇത് വയറിനു അസ്വസ്ഥതകളും ദഹനസംബന്ധമായ ബുദ്ധിമുട്ടുകളും വരുത്തും. പുളിച്ചു തികട്ടൽ, നെഞ്ചെരിച്ചിൽ തുടങ്ങിയവ ഒഴിവാക്കാൻ എരിവും പുളിയുമുള്ള ആഹാരവും മിതപ്പെടുത്താം.
● നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുക: ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കാൻ സഹായിക്കുന്നവയാണ് ഇവ. പഴങ്ങൾ, പച്ചക്കറികൾ, പ്രത്യേകിച്ച് ഇലക്കറികൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
● വെള്ളം ധാരാളമായി കുടിക്കുക: നോമ്പുകാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങളെ ഒരുപരിധി വരെ തടയുന്നതിന് ഇത് സഹായിക്കും. മലബന്ധം, തലവേദന എന്നിവ അകറ്റാനും വെള്ളം കുടിക്കൽ അത്യാവശ്യമാണ്.
● നിറഞ്ഞ വയറുമായി ഉറങ്ങരുത്: ഉറങ്ങാൻ പോകുന്നതിന് രണ്ടു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.