സാമൂഹികക്ഷേമം, സമഗ്ര സേവനം; ആരോഗ്യമേഖല മുന്നോട്ട്
text_fieldsകുവൈത്ത് സിറ്റി: സമഗ്ര സേവനങ്ങളിലൂടെ സമൂഹത്തിലെ അംഗങ്ങൾക്ക് മികച്ചതും നൂതനവുമായ ചികിത്സകൾ ലഭ്യമാക്കി കുവൈത്ത് ആരോഗ്യമേഖല മുന്നോട്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുമുമ്പ് സ്ഥാപിതമായ ആശുപത്രികളിൽനിന്ന് ആധുനിക യുഗത്തിൽ വിപുലമായ സേവനങ്ങളിലൂടെ ആ യാത്ര തുടരുകയാണ്. സാമൂഹിക ക്ഷേമത്തിലും സമഗ്ര സേവനങ്ങളിലും ഊന്നൽ നൽകിയാണ് എക്കാലവും ആരോഗ്യമേഖല നിലകൊള്ളുന്നത്.
രാജ്യത്തെ ആദ്യത്തെ ആരോഗ്യ ക്ലിനിക് 1904ലാണ് സ്ഥാപിതമായത്. വിപുലമായ സൗകര്യങ്ങളോടുള്ള ആശുപത്രി 1912ൽ തുറന്നു. പിന്നീട് എല്ലാ മേഖലകളിലുമുള്ള മുന്നേറ്റം ആരോഗ്യചികിത്സാ രംഗത്തും ഉണ്ടായി. വിദൂരദിക്കുകളിൽനിന്നും കഴിവുള്ള മെഡിക്കൽ വിദഗ്ധരെ രാജ്യത്തെത്തിച്ച് ആരോഗ്യസംരക്ഷണം വികസിപ്പിച്ചു.
ഇതിനകം എല്ലാ മെഡിക്കൽ മേഖലകളിലും സേവനങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ രാജ്യം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും മെഡിക്കൽ രീതികൾക്കും അനുസൃതമായി രാജ്യത്തെ ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ബജറ്റിന്റെ ഗണ്യമായ തുക നീക്കിവെക്കുന്നു.
ആരോഗ്യമേഖലയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിനായി ദേശീയ ആരോഗ്യസേവന മേഖലയിലുള്ളവർക്ക് നിരന്തര പരിശീലനങ്ങളും കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള അവസരം ഒരുക്കുന്നു. ആരോഗ്യ ക്ലിനിക്കുകൾ, ആശുപത്രികൾ, സ്പെഷലൈസ്ഡ് സെന്ററുകൾ എന്നിവയുടെ വികസനവും നവീകരണവും നടന്നുവരുന്നു.
രോഗവ്യാപനത്തെ ചെറുക്കൽ, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ, ആരോഗ്യസേവനങ്ങളും മരുന്നും നൽകുമ്പോൾ ശരിയായ നടപടിക്രമങ്ങൾ പാലിക്കൽ എന്നിവയിലെല്ലാം ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) നയങ്ങൾ നടപ്പാക്കാൻ കുവൈത്ത് ഉറപ്പാക്കിയിട്ടുണ്ട്.
സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ, പ്രത്യേക ആപ് എന്നിവ ആരോഗ്യസേവനങ്ങൾ ഉയർത്തുന്നതിനുള്ള ചുവടുവെപ്പായി. കേൾവിക്കുറവും ചെവി അണുബാധയും ഉണ്ടാക്കുന്ന രോഗങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള ദേശീയ സർവേയുടെ 80 ശതമാനവും കൈവരിച്ചു.
ജനിതകരോഗങ്ങൾ കണ്ടെത്തുന്നതിനും ചികിത്സക്കും കുവൈത്ത് മെഡിക്കൽ ജനറ്റിക് സെന്ററിൽ നൂതന ലബോറട്ടറി സ്ഥാപിച്ചതും ശ്രദ്ധേയമാണ്. പൊതു-സ്വകാര്യ മേഖലയിലെ സംരംഭമായ ധമാൻ ആശുപത്രി മറ്റൊരു ചുവടുവെപ്പായി.
കുവൈത്ത് ആരോഗ്യമേഖലയുടെ വികാസം മലയാളികൾ അടക്കമുള്ള പ്രവാസികൾക്കും ഗുണകരമായിട്ടുണ്ട്. നിലവില്‍ ആരോഗ്യമന്ത്രാലയത്തിലെ മൊത്തം ജീവനക്കാരില്‍ പകുതിയിലേറെയും വിദേശികളാണ്. ഇതില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.