ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധിക്കാം
text_fieldsറമദാൻ ദിനങ്ങളിൽ പലരൂപത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ചിലർക്കെങ്കിലും കണ്ടുവരാറുണ്ട്. തലവേദന, അസിഡിറ്റി, യൂറിൻ ഇൻഫക്ഷൻ എന്നിവയാണ് ഇതിൽ മുന്നിൽ. ശ്രദ്ധയോടെ ഇവ കൈകാര്യംചെയ്യുകയും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയും വേണം.
തലവേദന
ശരീരത്തിൽ പെട്ടെന്ന് വരുന്ന മാറ്റങ്ങൾ കാരണം തലവേദന വരാം. നോമ്പുകാലത്ത് ഉറക്കം, ഭക്ഷണം എന്നിവയിലുള്ള സമയവ്യതിയാനം, ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറയൽ എന്നിവ തലവേദനക്ക് കാരണമാകുന്നു. ആദ്യത്തെ ഒരാഴ്ചകൊണ്ടുതന്നെ സുഖപ്പെടുന്നതാണ് ഇത്തരം തലവേദന. ഇത് കൂടുതൽ നേരം നിലനിൽക്കുകയും പ്രയാസം കൂടുകയും ചെയ്യുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം. സ്ഥിരമായി മൈഗ്രേൻ, ഹൈപ്പർ ടെൻഷൻ എന്നിവക്ക് മരുന്ന് കഴിക്കുന്നവർ അത് തുടരണം.
അസിഡിറ്റി
നോമ്പുകാലത്ത് പലരിലും കണ്ടുവരുന്ന ഒന്നാണ് അസിഡിറ്റി. ഭക്ഷണം കഴിക്കുന്നതിൽ സമയക്രമം തെറ്റുന്നതും എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും അസിഡിറ്റിക്ക് കാരണമാകാം. നോമ്പ് തുറന്ന ഉടനെ അമിത ആഹാരം കഴിക്കാതിരിക്കുക. പ്രഭാതഭക്ഷണം നിർബന്ധമായും കഴിക്കുക. പുകവലി, എരിവ്, പുളി, മസാല എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക, ചായ, കാപ്പി കുറക്കുക എന്നിവയിലൂടെ അസിഡിറ്റിയെ നിയന്ത്രിക്കാനാകും. നോമ്പ് തുറന്നതിനുശേഷം ധാരാളം വെള്ളം കുടിക്കുക (3-4 ലിറ്റർ) എന്നതും പ്രധാനമാണ്. ലക്ഷണങ്ങൾ വർധിക്കുകയും അസഹനീയമാകുകയുമാണെങ്കിൽ ഡോക്ടറെ സമീപിക്കണം.
മൂത്രസംബന്ധമായ അസുഖങ്ങൾ
റമദാൻനാളുകളിൽ വെള്ളം കുടിക്കുന്നതിലുള്ള കുറവ് മൂത്രസംബന്ധമായ അസുഖങ്ങളിലേക്ക് നയിച്ചേക്കാം. നോമ്പ് തുറന്നതിനുശേഷം വെള്ളം കുടിക്കുന്നതിന് പ്രാധാന്യം നൽകിയാൽ ഇതിനെ മറികടക്കാനാകും. ചുരുങ്ങിയത് മൂന്നു ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കാൻ ശ്രദ്ധിക്കണം. ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാനും ശ്രദ്ധിക്കുക. തണ്ണിമത്തൻ, കുക്കുമ്പർ, ഓറഞ്ച് എന്നിവ നല്ലതാണ്.
പ്രമേഹരോഗികൾ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ റമദാനിൽ കൂടുതൽ ശ്രദ്ധിക്കണം. ഇത്തരക്കാരിൽ ഷുഗർ അളവ് പെട്ടെന്ന് താഴ്ന്നുപോകാനുള്ള സാധ്യത കൂടുതലാണ്. ക്ഷീണം, ഉറക്കം, കണ്ണുകളിൽ ഇരുട്ട് കയറുക, നെഞ്ചിടിപ്പ് കൂടുക, വിയർപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. സ്ഥിരമായി രക്തപരിശോധന നടത്തുക, നോമ്പുതുറന്ന ഉടൻ പഴവർഗങ്ങൾ കഴിക്കുക, രണ്ടുമൂന്ന് തവണയായി ലഘുഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയവ ഇത്തരം രോഗികൾ ശ്രദ്ധിക്കണം.
രക്തത്തിലെ ഷുഗറിന്റെ അളവ് കൂടുന്ന അവസ്ഥയും കണ്ടുവരാറുണ്ട്. ക്ഷീണം, അമിത ദാഹം, ഇടക്കിടെയുള്ള മൂത്രശങ്ക, കൂടുതലായ മൂത്രം, തലവേദന ഇവയാണ് ലക്ഷണങ്ങൾ. സ്ഥിരമായി മരുന്നും ഇൻസുലിനും എടുക്കുന്നവരും ഉണ്ടാകും. ഇത്തരക്കാർ ഡോക്ടറെ കണ്ട് പരിഹാരങ്ങൾ തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.