കൊടും ചൂടിൽ വാടിത്തളർന്ന് പുറംപണിക്കാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ കൊടുംചൂടിൽ ഉരുകിയൊലിച്ച് പുറം ജോലിക്കാർ. ജൂൺ ഒന്നു മുതൽ ആഗസ്റ്റ് അവസാനംവരെ ഉച്ചസമയത്ത് പുറംജോലി ചെയ്യുന്നതിന് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചക്ക് 11 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പുറംജോലി വിലക്ക്. എന്നാൽ, 11ന് മുമ്പുതന്നെ കത്തുന്ന വെയിലും ചൂടുമാണ്. മാത്രമല്ല, സെപ്റ്റംബറിലും കുറവല്ലാത്ത താപനില പ്രതീക്ഷിക്കുന്നുണ്ട്. നിർമാണത്തൊഴിലാളികളും കേബിളിന് കുഴിയെടുക്കുന്നവരുമൊക്കെ കഷ്ടതയനുഭവിച്ചാണ് തൊഴിലെടുക്കുന്നത്. നിലവിൽ 11മുതൽ വൈകീട്ട് അഞ്ചു വരെ പരിശോധനയിൽ പിടിക്കപ്പെട്ടാൽ തൊഴിലുടമക്കെന്നപോലെ തൊഴിലാളികൾക്കെതിരെയും നിയമനടപടിയുണ്ടാകും.
നിയമലംഘനം കണ്ടെത്താൻ നിരീക്ഷകർക്ക് സ്മാർട്ട് മെഷീൻ ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലാളികൾക്ക് സൂര്യാതപം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലിക്ക് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, വിലക്ക് ലംഘിച്ചും നിർമാണമേഖലയിൽ ഉച്ചസമയത്ത് ജോലിയെടുപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. പരിശോധന കാര്യമായി നടക്കുന്നത് വ്യവസായ മേഖലയിലാണ്. ജനവാസമേഖലയിലെ കെട്ടിടനിർമാണത്തിലാണ് പരസ്യമായി നിയമലംഘനം നടക്കുന്നതായി ആരോപണമുള്ളത്. മാത്രമല്ല, പെട്രോള്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്നവര്‍, മോേട്ടാര്സൈക്കിളില് ഡെലിവറി നടത്തുന്നവര്‍, ശുചീകരണ തൊഴിലാളികൾ, കെട്ടിടങ്ങളുടെ കവാടത്തിനു പുറത്ത് കാവല്‍ നില്ക്കുന്നവർ എന്നിവർക്ക് മധ്യാഹ്ന ജോലി വിലക്ക് ബാധകമല്ല.
ഭാഗികമായിട്ടായിരിക്കും ഇത്തരക്കാർ വെയില് കൊള്ളേണ്ടിവരുക എന്നതിനാലാണ് അവരെ നിയമത്തില്‍നിന്നും മാറ്റിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, മുഴുവൻ സമയവും വെയിൽ കൊള്ളേണ്ടവരും ഇക്കൂട്ടരിലുണ്ട്. തുച്ഛമായ ശമ്പളത്തിനാണ് ഇവരിൽ ഭൂരിഭാഗവും തൊഴിലെടുക്കുന്നത്. നട്ടുച്ച വെയിലിൽ വാടിത്തളർന്നുള്ള ഡെലിവറി ജീവനക്കാരുടെ ഒാട്ടപ്പാച്ചിൽ പതിവ് കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.