കുവൈത്തിൽ കൊടും ചൂട്: ഞായറാഴ്ച കൂടിയ താപനില 52.4 ഡിഗ്രി
text_fieldsകുവൈത്ത് സിറ്റി: ആഗസ്റ്റിലേക്ക് കടന്നപ്പോൾ കുവൈത്ത് കടുത്ത വേനലിൽ ഉരുകുന്നു. ഞായറാഴ്ച ലോകത്തിലെതന്നെ 15 ചൂട് കൂടിയ സ്ഥലങ്ങളിൽ എട്ടെണ്ണം കുവൈത്തിലായിരുന്നു. ഇറാഖ്, സൗദി, ഇറാൻ എന്നിവിടങ്ങളിലാണ് മറ്റ് സ്ഥലങ്ങൾ. ഇതിൽതന്നെ ഏറ്റവും ഉയർന്ന ചൂട് കുവൈത്തിലെ സുലൈബിയയിലായിരുന്നു. സുലൈബിയയിൽ ഞായറാഴ്ച കൂടിയ താപനില 52.4 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ജഹ്റ (52.2), കുവൈത്ത് വിമാനത്താവളം (52), അബ്ദലി (51.8), മിത്രിബ (51.8), സുബ്ബിയ (51.5), അബ്റാഖ് മസ്റ (50.9) എന്നിവിടങ്ങളിലും ഉയർന്ന താപനില രേഖപ്പെടുത്തി. ഇതോടൊപ്പം റുതൂബയും (നിർജലീകരണം) അനുഭവപ്പെട്ടു. സൂര്യാതപം നേരിട്ടേൽക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർജലീകരണം സംഭവിക്കാതിരിക്കാൻ വെള്ളവും ദ്രാവക രൂപത്തിലുള്ള പാനീയങ്ങളും ധാരാളമായി കുടിക്കണമെന്നും കാലാവസ്ഥ വകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. നിരവധി തൊഴിലാളികൾക്ക് പലയിടത്തായി നേരിയ സൂര്യാതപം ഏറ്റതായും റിപ്പോർട്ടുകളുണ്ട്.
ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകീട്ട് നാലു വരെ പുറത്ത് ജോലി ചെയ്യിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് സൂര്യതാപം ഏൽക്കുന്നതുവഴിയുള്ള ക്ഷീണവും മറ്റു അപകടങ്ങളും ഒഴിവാക്കാനാണിത്. വിലക്കുള്ള സമയത്ത് തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ബസറ (ഇറാഖ്), അബദാൻ (ഇറാൻ), ബസറ ഹുസൻ (ഇറാഖ്), അഹ്വാസ് (ഇറാൻ), അലി അൽ ഗർബി (ഇറാഖ്), ദിവാനിയ (ഇറാഖ്), അൽ ഖയ്സുമ (സൗദി) എന്നിവയാണ് ചൂട് കൂടിയ 15 നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട മറ്റു സ്ഥലങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.