ചുട്ടുപൊള്ളി കുവൈത്ത്; താപനില കുതിച്ചുയരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂട് തുടരുന്നു. വെള്ളിയാഴ്ച താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലായി ജനങ്ങൾ.
വെള്ളിയാഴ്ച പരമാവധി 50 ഡിഗ്രി സെൽഷ്യസ് കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, പല പ്രദേശങ്ങളിലും ഇത് അതിനും മുകളിലെത്തി. പകൽ ഉടനീളമുള്ള കടുത്ത ചൂടും രാത്രിയിലും അനുഭവപ്പെട്ടു.
കടുത്ത ചൂടിനൊപ്പം ശക്തമായ വടക്കുപടിഞ്ഞാറൻ ചൂടുകാറ്റും വീശിയതിനാൽ രാജ്യം ചുട്ടുപൊള്ളി. രാത്രി 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെ ആയിരുന്നു താപനില. വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊടിക്കാറ്റിനും സാധ്യതയുണ്ട്.
ശനിയാഴ്ച താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ചൂടുള്ള വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. കാറ്റ് പൊടിപടലങ്ങൾ ഉയർത്തുകയും തുറസ്സായ സ്ഥലങ്ങളിൽ ഇത് ശക്തിപ്പെടുകയും ചെയ്യും. രാത്രി താപനില അൽപം കുറയുമെങ്കിലും ചൂട് നിലനിൽക്കും.
രാത്രി കുറഞ്ഞ താപനില 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. രാജ്യത്ത് ആഗസ്റ്റ് അവസാനം വരെ ശക്തമായ ചൂട് നിലനിൽക്കും. സെപ്റ്റംബർ പകുതിയോടെ താപനിലയിൽ കുറവുണ്ടാകും. ഒക്ടോബറും നവംബറും സുഖകരമായ കാലാവസ്ഥയാകും. ഡിസംബറിൽ ശൈത്യം രാജ്യത്തെ കാലാവസ്ഥയെ ബാധിക്കും.
ഈ വർഷം ജൂലൈ കടന്നുപോകുക കനത്ത ചൂടിലൂടെ ആകുമെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കിയിരുന്നു.
പകൽ സമയത്ത് നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കാനും ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്താനും അധികൃതർ പൗരന്മാരോടും താമസക്കാരോടും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.