കടലോരങ്ങളിൽ മാലിന്യം തള്ളിയാൽ കനത്ത പിഴ
text_fieldsകുവൈത്ത് സിറ്റി: കടലോരങ്ങളിൽ മാലിന്യം തള്ളിയാൽ കനത്ത പിഴ ചുമത്തുമെന്ന് പരിസ്ഥിതി പൊലീസ് മുന്നറിയിപ്പ്. പരിസ്ഥിതി പൊലീസ് ഇത്തരം സ്ഥലങ്ങളിൽ റോന്തുചുറ്റിയും കുറ്റകൃത്യങ്ങൾ പിടികൂടും.
കൂടുതൽ സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് പരിസ്ഥിതി പബ്ലിക് അതോറിറ്റി. പ്രധാനമായും വിനോദ സഞ്ചാരകേന്ദ്രങ്ങളിലാണ് കാമറ സ്ഥാപിക്കുന്നത്. പരിസ്ഥിതിക്ക് ദോഷകരമായ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും വരുംദിവസങ്ങളിലും വ്യാപക പരിശോധന നടത്തുമെന്നും ബന്ധപ്പെട്ടവർ സൂചിപ്പിച്ചു.
സമുദ്ര ആവാസ വ്യവസ്ഥയുടെയും ജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് നിരന്തര പരിശോധനകളും കടലിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തും.
നിയമമനുസരിച്ച് കടലോരങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ 10,000 ദീനാർ പിഴ നൽകേണ്ടി വരും. പൊതുസ്ഥലത്ത് സിഗരറ്റ് കുറ്റി വലിച്ചെറിയുന്നത് ഉൾപ്പെടെ പരിസ്ഥിതി നിയമലംഘനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശൈഖ് ജാബിർ കോസ്വേയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഒരു വർഷം മുതൽ മൂന്നുവർഷം വരെ തടവും 5000 ദീനാർ മുതൽ 50,000 ദീനാർ വരെ പിഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഫാക്ടറികളിലെ മലിനജലം കടലിലേക്ക് നേരിട്ട് ഒഴുക്കുന്നത് ഗുരുതര കുറ്റമാണെന്നും ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.