ഫൈലക്കയിൽ നിന്നിതാ ഒരു ചരിത്രകഥ കൂടി
text_fieldsകുവൈത്ത് സിറ്റി: നൂറ്റാണ്ടുകളുടെ കഥ പറയുന്ന ചരിത്ര അത്ഭുതങ്ങളുടെ തീരമാണ് ഫൈലക ദ്വീപ്. മനുഷ്യ ചരിത്രത്തിന്റെ പഴമയിലേക്ക് വെളിച്ചം വീശുന്ന മറ്റൊരു പ്രധാന കണ്ടെത്തലിനുകൂടി സാക്ഷിയായിരിക്കുകയാണ് ദ്വീപ്. ദ്വീപിൽ നിന്ന് 4000 വർഷങ്ങൾക്ക് മുമ്പുള്ള പ്രാർഥന കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
വെങ്കലയുഗത്തിൽ ദിൽമുൻ സംസ്കാരവും നാഗരികതയുമായി അടുത്തുനിൽക്കുന്നതാണ് ഇവ. കുവൈത്ത്- ഡെൻമാർക് പുരാവസ്തു പര്യവേഷണ സംഘമാണ് ഇവ കണ്ടെത്തിയത്.
പുതിയ കണ്ടെത്തൽ അറേബ്യൻ ഗൾഫിൽ ഫൈലക ദ്വീപിന്റെ സുപ്രധാനമായ സാംസ്കാരിക, വ്യാപാര, സാമൂഹിക പൈതൃകം എടുത്തു കാട്ടുന്നതായി കുവൈത്ത് നാഷനൽ കൗൺസിൽ ഫോർ കൾചർ ആർട്സ് ആൻഡ് ലിറ്ററേച്ചർ (എൻ.സി.സി.എ.എൽ) ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റദ പറഞ്ഞു.
ചെറിയ പ്രാർഥനാലയത്തിന്റെ പ്ലാറ്റ്ഫോമിന്റെ ഭാഗമെന്ന് കരുതുന്ന മതിലുകളുടെ പുരാവസ്തുക്കൾ മുമ്പ് കണ്ടെത്തിയിരുന്നതായി ഡാനിഷ് പുരാവസ്തു പര്യവേഷണ തലവൻ ഡോ. സ്റ്റെഫാൻ ലാർസൻ പറഞ്ഞു. നിരവധി പുരാവസ്തുക്കൾ ഉൾപ്പെടുന്ന ക്ഷേത്രത്തിന്റെ മുഴുവൻ രൂപകല്പനയും സംഘം ഈ വർഷം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
ഈ അസാധാരണ കണ്ടെത്തൽ ദിൽമുൻ നാഗരികതയുടെ മതപരമായ ആചാരങ്ങൾ മനസ്സിലാക്കുന്നതിലെ ഒരു വഴിത്തിരിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ കണ്ടെത്തൽ പ്രാദേശികമായും മേഖലയിൽ ആകമാനവും പ്രാധാന്യമുള്ളതുമാണെന്ന് കുവൈത്ത് യൂനിവേഴ്സിറ്റി നരവംശശാസ്ത്ര പ്രഫസർ ഹസൻ അഷ്കനാനി പറഞ്ഞു.
ബിസി മൂന്നാം സഹസ്രാബ്ദം മുതൽ കിഴക്കൻ അറേബ്യയിലെ പുരാതന സെമിറ്റിക് ഭാഷ സംസാരിക്കുന്ന വിഭാഗമാണ് ദിൽമുൻ. മെസപ്പെട്ടോമിയക്കും സിന്ധുനദീതട നാഗരികതക്കും ഇടയിലുള്ള ഒരു വ്യാപാര പാതയിൽ, കടലിനോടും ആർട്ടിസിയൻ നീരുറവകളോടും ചേർന്നാണ് ഇവരുടെ താമസമുണ്ടായിരുന്നതെന്നാണ് അനുമാനം. ബഹ്റൈൻ, കുവൈത്ത്, കിഴക്കൻ സൗദി അറേബ്യ എന്നിവയെ ഇവ ഉൾക്കൊള്ളുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.