ഉയർന്ന റേറ്റ്, കമീഷൻ കുറവ് ;പണമയക്കാൻ നല്ല സമയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ദീനാറിന് രൂപയിലേക്കുള്ള കൈമാറ്റത്തിൽ മികച്ച റേറ്റ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഉയർന്ന നിരക്കാണ് രേഖപ്പെടുത്തുന്നത്. നിലവിൽ ഒരു ദീനാറിന് 269ന് മുകളിലെത്തിയിട്ടുണ്ട്. അടുത്തിടെ ലഭിച്ച ഏറ്റവും ഉയർന്ന നിരക്കാണിത്.
രണ്ടുമാസം മുമ്പ് 270 വരെ എത്തിയിരുന്നു. ഡോളറിന്റെ ഉയർച്ചയും ഇന്ത്യൻ രൂപയുടെ മൂല്യം കുറയുകയും ചെയ്തതാണ് കുവൈത്ത് ദീനാർ ഉൾപ്പെടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് ഉയരാൻ കാരണം. അടുത്ത ദിവസങ്ങളിലും കുവൈത്ത് ദീനാറിന് ഉയർന്ന മൂല്യം തുടരുമെന്നാണ് ധനവിനിമയ രംഗത്തുള്ളവര്‍ നല്കുന്ന സൂചന.
മികച്ച വിനിമയമൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കാൻ പണമിടപാട് എക്സ്ചേഞ്ചുകളിൽ എത്തുന്നവരുടെയും എണ്ണം കൂടി. ഒരു ദീനാറിന് ഒരു രൂപ മാറിയാൽ വൻ തുക അയക്കുന്നവർക്ക് വലിയ നേട്ടം ഉണ്ടാക്കാം. പ്രവാസികൾക്ക് വിനിമയമൂല്യത്തിലെ മാറ്റം ഗുണംചെയ്യും.
അതിനിടെ, മത്സരത്തിന്റെ ഭാഗമായി പണമിടപാട് സ്ഥാപനങ്ങൾ കമീഷൻ നിരക്കിൽ കുറവ് വരുത്തിയതും പ്രവാസികൾക്ക് ഗുണകരമായി. ഒരു ഇടപാടിന് ഒന്നേകാൽ ദീനാറാണ് അടുത്തിടെ എക്സ്ചേഞ്ചുകളിൽ ഈടാക്കിയിരുന്നത്.
ഇതിൽ പല എക്സ്ചേഞ്ചുകളും കുറവുവരുത്തി. ഫർവാനിയയിൽ അര ദീനാർ മാത്രമാണ് മിക്ക എക്സ്ചേഞ്ചുകളും ഈടാക്കുന്നത്. നിരക്ക് കുറച്ചത് കാണിച്ചാണ് ഇവർ ഇടപാടുകാരെ ആകർഷിക്കുന്നത്. മിക്ക സ്ഥാപനങ്ങളും നിരക്ക് കുറച്ചതിന്റെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കാണ് നിലവിൽ കമീഷൻ കുറച്ചത്.
ദീനാർ മൂല്യം കൂടുകയും പണം അയക്കുന്നതിനുള്ള നിരക്ക് കുറയുകയും ചെയ്തതും പ്രവാസികൾക്ക് ആശ്വാസമാണ്. അതേസമയം, കമീഷൻ കുറച്ചത് താൽക്കാലിക നടപടിയാണെന്നാണ് സൂചന.
പ്രവാസികളുടെ പണമയക്കല്‍ കുറഞ്ഞു
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നതിൽ കുറവ്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തിറക്കിയ സ്ഥിതിവിവരക്കണക്ക് പ്രകാരം, നാട്ടിലേക്കുള്ള പണമയക്കലില്‍ 5.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ ഇടിവാണിത്. 2023ലെ രണ്ടാം പാദത്തിൽ പ്രവാസികൾ 1.168 ബില്യൺ ദീനാറാണ് നാട്ടിലേക്കയച്ചത്. എന്നാല്‍, ആദ്യപാദത്തെ അപേക്ഷിച്ച് 5.6 ശതമാനം കുറവാണ് ഇത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 21.9 ശതമാനം കുറവ് രേഖപ്പെടുത്തിയതായും സാമ്പത്തിക റിപ്പോര്‍ട്ടിൽ പറഞ്ഞു.
വിദേശികളുടെ ജോലിനഷ്ടവും ശമ്പളക്കുറവുമാണ് പണമയക്കൽ കുറയാൻ പ്രധാന കാരണമെന്നാണ് സൂചന. അയക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലെങ്കിലും അയക്കുന്ന പണത്തിന്റെ തോതിൽ ഇടിവുണ്ടായി എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.