ചൂടിൽ തിളച്ച് രാജ്യം
text_fieldsകുവൈത്ത് സിറ്റി: കനത്ത ചൂടിൽ തിളച്ച് കുവൈത്ത്. അസഹനീയമായ ചൂടില്‍ പുറത്തിറങ്ങാനാകാതെ ജനങ്ങൾ ഉരുകുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം താപനില 50 ഡിഗ്രിയിലും കൂടുതലായി കഴിഞ്ഞു. ജഹ്റ സ്റ്റേഷനിൽ ബുധനാഴ്ച 52 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയതായി കാലാവസ്ഥ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു. രാജ്യത്തെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലകളിലൊന്നാണിത്. അബ്ദാലി സ്റ്റേഷനിൽ 51 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന താപനിലക്കൊപ്പം ചൂടുകാറ്റും അടിക്കുന്നുണ്ട്.
ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മൂന്ന് മാസം രാജ്യത്ത് ഉയര്‍ന്ന താപനില അനുഭവപ്പെടുക പതിവാണ്. എന്നാൽ, ഇത്തവണ ജൂൺ ആദ്യം മുതൽ കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. ഉയരുന്ന ചൂട് ജനങ്ങള്‍ക്ക് വെല്ലുവിളിയാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിലും കനത്ത ചൂട് അനുഭവപ്പെട്ടിരുന്നു. ചൂടിന്റെ ആധിക്യം മൂലം ജൂൺ മുതൽ ആഗസ്റ്റ് അവസാനം വരെ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ പുറം ജോലികൾക്കു നിയന്ത്രണം എർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, നിലവിൽ രാവിലെയോ വൈകീട്ടോ പോലും പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ്. ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും ശരീരത്തിൽ ജലാംശം നിലനിർത്താനും അധികൃതർ ജനങ്ങളോട് ഉപദേശിച്ചു. പുറത്തിറങ്ങുമ്പോൾ വെയിൽ ഏൽക്കാതിരിക്കാനുള്ള സജ്ജീകരണങ്ങളും കരുതണം.
വൈദ്യുതി ഉപഭോഗം കുറക്കാൻ മുൻകരുതൽ നടപടി
കുവൈത്ത് സിറ്റി: താപനില കുത്തനെ ഉയരുകയും വൈദ്യുതി ഉപയോഗം വർധിക്കുകയും ചെയ്തതോടെ മുൻകരുതൽ നടപടികളുമായി വൈദ്യുതി, ജല മന്ത്രാലയം. ദേശീയ പവർ ഗ്രിഡിൽ സ്ഥിരത നിലനിർത്തുന്നതിനായി ഹ്രസ്വമായ വൈദ്യുതി തടസ്സങ്ങൾ ഉൾപ്പടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും വൈദ്യുതി, ജല മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. രാവിലെ 11 മുതൽ വൈകീട്ട് അഞ്ചുവരെ തിരക്കുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം കുറക്കാനും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
അതിനിടെ, ചില പ്രദേശങ്ങളില്‍ ബുധനാഴ്ച വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടു. പലയിടത്തും ട്രാഫിക് സിഗ്നൽ ലൈറ്റുകൾ നിലക്കാനും ഇതിടയാക്കി. വൈദ്യുതിയുടെ ഉയർന്ന ലോഡ് കാരണമാണ് വിതരണത്തിൽ തടസ്സം നേരിട്ടത്.ഖൈത്താൻ, സബ്ഹാൻ, നുസ്ഹ, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങി 40ഓളം പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. എന്നാൽ, വൈകാതെ വൈദ്യുതി പുനഃസ്ഥാപിച്ചതായും തകരാർ പരിഹരിച്ചതായും അധികൃതര്‍ അറിയിച്ചു.
റോഡ് ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാനും സുരക്ഷ നിർദേശങ്ങൾ പാലിക്കാനും അധികൃതർ അഭ്യർഥിച്ചു. കനത്ത ചൂട് കാരണം രാജ്യത്ത് വൈദ്യുതിയുടെ ഉപഭോഗം കൂടിയിട്ടുണ്ട്. ജനങ്ങൾ മുഴുവൻ സമയവും എയർകണ്ടീഷനറുകളിലേക്ക് മാറിയതും ഫാനുകളുടെയും മറ്റു ചൂട് കുറക്കുന്ന വസ്തുക്കളുടെയും ഉപയോഗവും കൂട്ടിയതുമാണ് വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിലെത്താൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.