ചരിത്രമുറങ്ങുന്ന കവ്വായി; ഉണർന്നിരിക്കുന്ന പ്രവാസി കൂട്ടായ്മ
text_fieldsകണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ പുഴയാൽ ചുറ്റപ്പെട്ട സുന്ദര ഗ്രാമമാണ് കവ്വായി. പേരും പെരുമയുംകൊണ്ട് പ്രസിദ്ധമാണ് കവ്വായി എന്ന കൊച്ചു ഗ്രാമം. പറങ്കിപ്പടയോട് പടപൊരുതി ഒരുപാടുപേർ രക്തസാക്ഷിത്വം വരിച്ച മണ്ണുകൂടിയാണ്. ഗൾഫിലെ പച്ചപ്പുതേടി ആദ്യകാലംതന്നെ പത്തേമാരിയിൽ കടന്നുവന്നവരാണ് ഇൗ നാട്ടുകാർ.
കൂട്ടായ്മയുടെ തുടക്കം അബൂദബി-ദുബൈയിൽനിന്നായിരുന്നു. ഒരുപാട് കാലങ്ങൾക്കു ശേഷമാണ് കുവൈത്തിലേക്ക് കടന്നുവരുന്നത്. 27 വർഷം മുമ്പ് പള്ളിക്കാര്യങ്ങൾക്കും മറ്റുമായി രൂപപ്പെടുത്തിയ കവ്വായി കുവൈത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് കുവൈത്തിൽ ഇൗ നാട്ടുകാരുടെ ആദ്യത്തെ സംഘടന. എന്നാൽ, പള്ളിക്കാര്യത്തിൽ ഒതുങ്ങാതെ നാടിെൻറ പൊതുവിഷയങ്ങളിലും ഇടപെട്ടും സഹായം നൽകിയും അഭിമാനകരമായ സംഭാവനകൾ അർപ്പിക്കാൻ കൂട്ടായ്മക്ക് കഴിഞ്ഞു. കൈമെയ് മറന്ന് പ്രവർത്തിച്ച ചിലർ ഇന്ന് കൂടെയില്ലാത്തതിെൻറ വേദന ആദ്യകാല പ്രവർത്തകർ പങ്കുവെക്കുന്നു. ചിലർ മരണപ്പെട്ടപ്പോൾ മറ്റു ചിലർ പ്രവാസത്തിെൻറ മേലങ്കി അഴിച്ചുവെച്ച് നാട്ടിലേക്ക് തിരിച്ചു യാത്രയായി.
സി.എച്ച്. കുഞ്ഞിമൊയ്ദീനാണ് പ്രഥമ പ്രസിഡൻറ്. ദീർഘകാലം അദ്ദേഹം നേതൃപദവി വഹിച്ചു. ഊർജം പകർന്ന് ഒരു കാവൽകാരനെ പോലെ നയിച്ച കോട്ടപ്പുറം അബ്ദുറഹ്മാനെയും മറക്കാനാകില്ല. കുവൈത്ത് ശർഖ് ഹോട്ടലിൽ അദ്ദേഹം തുറന്നുവെച്ച വാതിലിൽ എപ്പോൾ വേണമെങ്കിലും പ്രവേശിക്കാമായിരുന്നു. അക്ഷീണം പ്രയത്നിച്ച സി.എച്ച്. മുഹമ്മദാണ് മറ്റൊരു അവിസ്മരണീയ നാമം. അദ്ദേഹത്തിെൻറ വാഹനം മാത്രമായിരുന്നു അന്നത്തെ ആശ്രയം. വെള്ളിയാഴ്ചകളിൽ കുവൈത്തിെൻറ മുക്കുമൂലകളിൽ നാട്ടുകാരെ തേടി പുറപ്പെടും. ഒരുപാട് തവണ പോയാൽ മാത്രമേ പലരുടെയും മാസവരി വിഹിതം ലഭിക്കുകയുള്ളൂ. അപ്പോഴൊക്കെ ഒരു മുറുമുറുപ്പുമില്ലാതെ സി.എച്ച്. മുഹമ്മദ് നല്ല വാക്കുകൾ പറയും. നിരവധി പ്രതിസന്ധിയിലൂടെ കടന്നുപോയ അദ്ദേഹം ജീവിതത്തിൽ കൈപിടിച്ചുയർത്തിയവർ ഏറെയാണ്.
മഹാമാരിയിൽ പ്രിയപ്പെട്ട അബ്ദുൽ ഗഫൂറിെൻറ വിയോഗം തീരാനഷ്ടമാണ്. സി. ശാഹുൽ ഹമീദ്, കൊച്ചൻ സുലൈമാൻ, പി. അബ്ദുൽ ജബ്ബാർ, എ.പി. അബ്ദുൽ സലാം, മജീദ് ഇസ്മാലി, മൊയ്തീൻകുട്ടി, വളപ്പിൽ അസീസ്, ഹൈദർ, നൂറുദ്ദീൻ, ഉവൈസ് തുടങ്ങി നിരവധി പേരുടെ വിയർപ്പും സ്വപ്നവുമാണ് ഇൗ കൂട്ടായ്മ. പേര് വിട്ടുപോയ ഇനിയുമെത്രയോ പേർ. നാട്ടിൽ നിർമിച്ചുനൽകിയ ക്വാർട്ടേഴ്സ്, എല്ലാ വർഷവും മദ്റസ പഠിതാക്കൾക്കു നൽകിവരുന്ന വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ്, എം.ഇ.എസ്.കെ സ്കൂൾ കുട്ടികൾക്ക് സ്കൂൾ ബാഗ് വിതരണം, കോവിഡ് കാലത്തെ ഭക്ഷണ കിറ്റ് വിതരണം, മദ്റസ അധ്യാപകർക്ക് ഫർണിച്ചർ വിതരണം, നിക്ഷേപ പദ്ധതി, കുറി സംവിധാനം തുടങ്ങി അഭിമാനിക്കാവുന്ന നിരവധി സേവനങ്ങൾ.
എട്ടുവർഷം മുമ്പ് കവ്വായി പ്രവാസി കൂട്ടായ്മ എന്ന പേരിൽ വിശാലമായ സംഘടന രൂപവത്കരിച്ചു. നാടിെൻറ നന്മക്കായി ഒന്നിച്ചു പ്രവർത്തിക്കുന്ന നാട്ടുകാർ പ്രവർത്തന വീഥിയിൽ മുന്നോട്ട് കുതിക്കുകയാണ്. കവ്വായി ജി.എം.യു.പി സ്കൂളിന് വേണ്ടിയുള്ള ഫണ്ട് പിരിവ്, നാട്ടിലെ പാവപ്പെട്ടവർക്കുവേണ്ടി ഒരു കൈ സഹായം തുടങ്ങിയവ കവ്വായി പ്രവാസി കൂട്ടായ്മയുടെ അഭിമാനമുദ്രകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.