ബോധവത്കരണവുമായി ആഭ്യന്തര വകുപ്പ്; അപകടങ്ങൾ കുറക്കാം, ജീവൻ രക്ഷിക്കാം
text_fieldsകുവൈത്ത് സിറ്റി: ഈ വർഷം ആദ്യ പകുതിയിൽ രാജ്യത്ത് രേഖപ്പെടുത്തിയത് മൊത്തം 3,100,638 ഗതാഗത നിയമലംഘനങ്ങൾ. വാഹനാപകടങ്ങളിൽ 93 ശതമാനത്തിലധികവും അശ്രദ്ധമൂലമുള്ള ഡ്രൈവിങ് വഴിയാണ്. എഴു ശതമാനം അപകടങ്ങൾ മാത്രമാണ് മറ്റു കാരണങ്ങളാൽ സംഭവിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് പ്ലാനിങ് ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് പ്രകാരം ഈ വർഷം ജൂൺ 30വരെ രാജ്യത്ത് വേഗപരിധി ലംഘിച്ചവരുടെ എണ്ണം 15 ലക്ഷത്തിൽ കൂടുതലാണ്. 9,472 അശ്രദ്ധമൂലമുള്ള ഡ്രൈവിങ് നിയമലംഘനങ്ങളും രേഖപ്പെടുത്തി.
ഫോൺ ഉപയോഗം വേണ്ട
അപകടങ്ങളിൽ പ്രധാന കാരണങ്ങളിലൊന്നാണ് ഡ്രൈവിങ്ങിനിടെയുള്ള ഫോണിന്റെ ഉപയോഗം. ഫോൺ ഉപയോഗിച്ചതിന് ഈ വർഷം ആദ്യ പകുതിയിൽ രേഖപ്പെടുത്തിയത് 30,000 ലംഘനങ്ങളാണ്.
ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കൽ എന്നിവ നിരീക്ഷിക്കാൻ എ.ഐ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ആറ് ഗവർണറേറ്റുകളിലായി 252 കാമറകളുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ കുറക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇവയെന്ന് ട്രാഫിക് ബോധവത്കരണ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ ഇസ പറഞ്ഞു. ജനുവരി ഒന്നിനും സെപ്റ്റംബർ 30നും ഇടയിൽ അപകടത്തിൽപെട്ടവർക്കായി 7,774 ആംബുലൻസ് സേവനങ്ങൾ നൽകിയതായി ആരോഗ്യ മന്ത്രാലയം മെഡിക്കൽ എമർജൻസി ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ.അഹമ്മദ് അൽ ഷാത്തി പറഞ്ഞു.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
സീറ്റ് ബെൽറ്റ് ധരിക്കുക, അമിതവേഗം ഒഴിവാക്കുക, വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക, കുട്ടികളെ പിൻസീറ്റിൽ ഇരുത്തുക, കൂട്ടിയിടികൾ തടയുന്നതിന് വാഹനങ്ങൾക്കിടയിൽ സുരക്ഷ അകലം പാലിക്കുക.
ഗതാഗത നിയമങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ടെലിവിഷൻ, റേഡിയോ, പ്രിന്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെ വിവിധ മാധ്യമങ്ങളിൽ ട്രാഫിക് സുരക്ഷ കാമ്പയിനുകൾ ശക്തമാക്കിയിട്ടുണ്ടെന്ന് ട്രാഫിക് ബോധവത്കരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ അബ്ദുല്ല ബോ ഹസ്സൻ പറഞ്ഞു.
ഡ്രൈവിങ് ശീലങ്ങളിൽ മാറ്റം വരുത്താം
അമിത വേഗവും ഫോൺ ഉപയോഗവുമാണ് റോഡുകളിലെ സാധാരണമായ ലംഘനങ്ങൾ. അപ്രതീക്ഷിതമായ റോഡപകടങ്ങൾ മിക്കവാറും എല്ലാ ദിവസവും സംഭവിക്കുന്നു. ഇത് പലപ്പോഴും അശ്രദ്ധമായ പെരുമാറ്റം, നിയമ ലംഘനങ്ങൾ എന്നിവ മൂലമാണ് സംഭവിക്കുന്നത്. അപകടങ്ങൾ ജീവനഷ്ടത്തിനും പരിക്കുകൾക്കും സാമ്പത്തിക നഷ്ടങ്ങൾക്കും ഇടയാക്കുന്നു. കർശനമായ ട്രാഫിക് നിയമങ്ങളിലൂടെയും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചും മികച്ച ട്രാഫിക് സംവിധാനം വഴിയും അപകടങ്ങളും നാശനഷ്ടങ്ങളും കുറക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.