ഗൾഫ് ഫുട്ബാൾ ഇതിഹാസങ്ങളെ ആദരിക്കും
text_fieldsകുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ചടങ്ങിൽ ഗൾഫ് ഫുട്ബാൾ ഇതിഹാസങ്ങളെ പ്രത്യേകം ആദരിക്കും. ഗൾഫ് കപ്പ് സുപ്രീം കമ്മിറ്റിയുടെ തലവനും കൂടിയായ കുവൈത്ത് ഇൻഫർമേഷൻ, സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗൾഫ് ഫുട്ബാൾ ചരിത്രത്തെ സ്വാധീനിക്കുകയും ഭാവി തലമുറകൾക്ക് പ്രചോദനാത്മകമായ പാരമ്പര്യം അവശേഷിപ്പിക്കുകയും ചെയ്ത ഇതിഹാസങ്ങളെ നോമിനേറ്റ് ചെയ്യാൻ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ഫുട്ബാൾ ഫെഡറേഷനുകളെ അറിയിച്ചിട്ടുണ്ട്. ടൂർണമെന്റിന്റെ ഫൈനലിനിടെ പ്രത്യേക ചടങ്ങിൽ ഈ താരങ്ങളെ ആദരിക്കും.
ഗൾഫ് ഫുട്ബാളിന്റെ പൈതൃകം ആഘോഷിക്കുക, ഗൾഫ് രാജ്യങ്ങൾക്കിടയിൽ കായികക്ഷമത വളർത്തുക, മേഖലയുടെ ഫുട്ബാൾ പാരമ്പര്യം രൂപപ്പെടുത്തുക, കളിക്കാരുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുക എന്നിവയാണ് ഇതുവഴി ലക്ഷ്യമെന്ന് അൽ മുതൈരി വിശദീകരിച്ചു. ശനിയാഴ്ച വൈകീട്ട് ഏഴിന് ജാബിർ അൽ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. ഗൾഫ് കപ്പ് ഒരു മത്സരം എന്നതിലുപരി ഗൾഫ് ഐക്യത്തെയും സഹകരണത്തിന്റെയും പ്രതീകമാണെന്നും ഈ മേഖലയിലെ കായികരംഗത്ത് സേവനമനുഷ്ഠിച്ചവരെ ആദരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അൽ മുതൈരി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.