കൊറോണ കരിനിഴലും കടന്ന് തളിർക്കുന്ന പ്രതീക്ഷ
text_fields2020 ഫെബ്രവരി 24 കൊറോണയുടെ ആദ്യ കേസ് കുവൈത്തിൽ റിപ്പോർട്ട് ചെയ്തത് മുതൽ ഭീതിയോടെ ആയിരുന്നു അനേകായിരം പ്രവാസികൾ കഴിഞ്ഞുകൂടിയത്. നാളിതുവരെ കേട്ടുകേൾവിയില്ലാത്ത വൈറസ് കാരണം രാജ്യാതിർത്തികളും ആരാധനാലയങ്ങളും തൊഴിലിടങ്ങളുമെല്ലാം അടക്കപ്പെട്ടു. പരിചിതരും അപരിചിതരുമായ പലരും വൈറസ് കാരണം ഈ ലോകത്തോട് വിട പറഞ്ഞതായ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു.
പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിക്കുന്നു. ജോലിയും വരുമാനവുമില്ലാതെ ജനങ്ങൾ പ്രതിസന്ധിയിലാകുന്നു. പതിറ്റാണ്ടുകളായി താമസിച്ചുവന്നിരുന്ന കെട്ടിടത്തിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ബന്ധപ്പെട്ടവർ ആവശ്യപ്പെടുന്നു. ആളുകൾ ഭയത്തോടെ മറ്റു റൂമുകൾ തേടി സഞ്ചരിക്കുന്നു. പലരും അടുക്കാൻപോലും അനുവദിക്കാതെ ഒഴിഞ്ഞുമാറുന്നു. ഭീകരമായിരുന്നു അവസ്ഥ.
അനേകായിരം പ്രവാസികളെ പോലെ ജനിച്ചുവളർന്ന സ്വന്തം നാട്ടിൽ ആറടി മണ്ണ് എെൻറയും ലക്ഷ്യമായിരുന്നു. അതുകൊണ്ടുതന്നെ നാട്ടിൽ എത്താൻ പല മാർഗങ്ങൾ തേടി. പലരെയും സമീപിച്ചു. സംഘടന നേതാക്കളെ ബന്ധപ്പെട്ടു. ചാർട്ടേഡ് വിമാനം ഉണ്ടെന്ന് സോഷ്യൽ മീഡിയയിൽ കാണുമ്പോൾ കണ്ട നമ്പറുകളിൽ ഒക്കെയും വിളിച്ചുനോക്കി. സീറ്റ് ഫുൾ ആയിപ്പോയി, സ്ത്രീകൾക്കും മുതിർന്നവർക്കുമാണ് മുൻഗണന എന്നിങ്ങനെ മറുപടികൾ കേട്ട് നിരാശ ബാക്കിയായി.
പ്രിയപ്പെട്ടവരുടെ പ്രാർഥനയും സ്നേഹവും പിന്തുണയുംകൊണ്ട് ആ അപകടകാലത്തെ അതിജീവിച്ച് ഇന്നുവരെ ഈ മരുമണ്ണിൽ ജീവൻ നിലനിർത്താൻ കഴിഞ്ഞു. പ്രതീക്ഷകൾ വീണ്ടും പൂത്തുവരുന്നതിനിടെയാണ് വൈറസ് വീണ്ടും പിടിമുറുക്കുന്നതിെൻറ വാർത്തകൾ വരുന്നത്. 2021 ശുഭകരമാകുമെന്ന പ്രതീക്ഷ തകർത്താണ് വൈറസ് വ്യാപനം. വീണ്ടും പ്രതീക്ഷിക്കാം നല്ല നാളേക്കായി. പ്രതീക്ഷയാണല്ലോ ജീവിതത്തെ നിലനിർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.