ആശുപത്രികളുടെ കോവിഡ് പെരുമാറ്റച്ചട്ടം പരിഷ്കരിച്ചു
text_fieldsകുവൈത്ത് സിറ്റി: ആശുപത്രികൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കുമുള്ള കോവിഡ് പെരുമാറ്റച്ചട്ടം പരിഷ്കരിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്നാണ് നടപടി. കോവിഡ് ചികിത്സക്കായി ഉപയോഗിക്കാവുന്ന മരുന്നുകളുടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടു.
കോവിഡ് സാഹചര്യം മെച്ചപ്പെടുകയും വാർഡുകളിലും തീവ്രപരിചരണത്തിലും രോഗികളുടെ എണ്ണം കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം ഹോസ്പിറ്റൽ പ്രോട്ടോകോൾ പരിഷ്കരിച്ചത്. ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ആളുകൾ ചികിത്സ തേടിയെത്തുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണ് പരിഷ്കരിച്ച പ്രോട്ടോകോളിൽ ഉള്ളത്.
ഇതുപ്രകാരം ആശുപത്രികളിൽ കാഷ്വാലിറ്റി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കോവിഡ് രോഗികൾക്കുള്ള പ്രത്യേകം കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒഴിവാക്കി പകരം കോവിഡിന് മുമ്പുണ്ടായിരുന്നത് പോലെ ഒറ്റ കാത്തിരിപ്പ് കേന്ദ്രമാക്കി നിലനിർത്തും.
സർജറിക്കോ മറ്റു ചികിത്സക്കോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളിൽ കോവിഡ് പരിശോധന ആവശ്യമില്ലെന്നാണ് പുതിയ പ്രോട്ടോകോൾ പറയുന്നത്.
രോഗി കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽമാത്രം പരിശോധന നടത്തിയാൽ മതിയാകും. കോവിഡ് രോഗിയുമായി നേരിട്ട് സമ്പർക്കത്തിലാകുന്ന ആളുകൾക്ക് നേരത്തേ ഉണ്ടായിരുന്ന ക്വാറൻറീൻ നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഇവരും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധന നടത്തിയാൽ മതി.
റംസ്ഡെവിർ, ഡെക്സാമെതസോൺ, സ്ട്രൂവിമാബ്, അസിത്രോ മൈസിൻ, ഡോക്സി സൈക്ലിൻ തുടങ്ങി കോവിഡ് ചികിത്സക്ക് ഉപയോഗപ്പെടുത്താവുന്ന 10 മരുന്നുകളുടെ പേരുവിവരങ്ങളും പ്രോട്ടോകോളിൽ മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.