ലോകകപ്പ് ആതിഥേയത്വം; മൊറോക്കോക്ക് കുവൈത്തിന്റെ അഭിനന്ദനം
text_fieldsകുവൈത്ത് സിറ്റി: 2030 ഫുട്ബാൾ ലോകകപ്പിന് സംയുക്ത ആതിഥേയത്വം വഹിക്കുന്ന മൊറോക്കോക്ക് കുവൈത്തിന്റെ അഭിനന്ദനം. മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് പ്രധാന ആതിഥേയത്വം വഹിക്കുന്നത്. ഉറുഗ്വായ്, അർജന്റീന, പരാഗ്വെ എന്നീ രാജ്യങ്ങളും ആതിഥേയത്വം വഹിക്കുന്നുണ്ട്. ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന ടൂർണമെന്റിൽ 48 ടീമുകൾ 104 മത്സരങ്ങളിൽ മാറ്റുരക്കും.
ലോക ചാമ്പ്യൻഷിപ്പിന് വിജയകരമായ ആതിഥേയത്വം വഹിക്കാനുള്ള മൊറോക്കോയുടെ കഴിവിൽ കുവൈത്ത് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നതായും അന്താരാഷ്ട്ര അംഗീകാരമായി ഇതിനെ കണക്കാക്കുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാൽപ്പന്തു മാമാങ്കത്തിന് ആതിഥ്യമരുളുന്ന എല്ലാ രാജ്യങ്ങൾക്കും വിദേശകാര്യമന്ത്രാലയം ആശംസകൾ നേരുന്നു. 2022 ലെ ലോകകപ്പിന് വേദിയായത് ഖത്തറാണ്. ഖത്തറിനുശേഷം ലോകകപ്പിന് വേദിയാകുന്ന രണ്ടാമത്തെ അറബ് രാജ്യമാകും മൊറോക്കോ. കഴിഞ്ഞ ലോകകപ്പില് മികവാർന്ന പ്രകടനം നടത്തിയ മൊറോക്കോ സെമിയിലാണ് പുറത്തായത്.
അതിനിടെ, 2034 ലെ ലോകകപ്പിന് വേദിയാകാനുള്ള താൽപര്യം സൗദി അറേബ്യ ഔദ്യോഗികമായി ഫിഫയെ അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ ശ്രമത്തെ കുവൈത്ത് സ്വാഗതം ചെയ്തു. ഇതിനായി എല്ലാ പിന്തുണയും കുവൈത്ത് അറിയിച്ചു. സൗദിയുടെയും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെയും സമഗ്രമായ വികസനം പ്രതിഫലിപ്പിക്കുന്നതാകും ഇതെന്നും ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി ശ്രമങ്ങളെ പൂർണമായി പിന്തുണക്കുന്നതായും വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.