ചൂടേറുന്നു; തീപിടിത്തത്തിനെതിരെ ജാഗ്രത മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വേനൽ കനത്തുതുടങ്ങിയതോടെ തീപിടിത്തത്തിനെതിരെ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി അധികൃതർ. കടുത്ത ചൂടിൽ രാജ്യം വെന്തുരുകുമ്പോൾ കെട്ടിടങ്ങൾക്ക് തീപിടിച്ചുണ്ടാവുന്ന അപകടങ്ങൾ തുടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് തീപിടിത്തങ്ങൾ പെരുകുന്ന പതിവുതന്നെയാണ് ഇത്തവണയും. ഉയർന്ന അന്തരീക്ഷ ഊഷ്മാവും ചൂടുകാറ്റ് വീശുന്നതും കാരണം തീ ആളിപ്പടരുന്നത് നിയന്ത്രണവിധേയമാക്കുക പ്രയാസകരമാണ്. കൊടുംചൂടിൽ തീപിടിത്തസാധ്യത കൂടുതലായതിനാൽ തടയാൻ സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്ന് അഗ്നിശമനസേനയുടെ മുന്നറിയിപ്പുണ്ട്. എളുപ്പത്തിൽ തീപിടിക്കാൻ ഇടയുള്ള വസ്തുക്കൾ സുരക്ഷാ സംവിധാനങ്ങളോടെയാണോ സൂക്ഷിക്കുന്നത് എന്ന് ഉറപ്പാക്കണമെന്ന് നിർദേശമുണ്ട്.
ഒരാഴ്ചക്കിടെ രാജ്യത്ത് ശുവൈഖ്, മഹബൂല, മംഗഫ്, ജഹ്റ, ജാബിരിയ, നുവൈസീബ് എന്നിവിടങ്ങളിൽ തീപിടിത്തമുണ്ടായി. ഞായറാഴ്ച ദോഹ, ഫിഫ്ത് റിങ് റോഡ് ജങ്ഷനിൽ വാഹനത്തിന് തീപിടിച്ചു. കഴിഞ്ഞദിവസം ശുവൈഖിൽ സുൽത്താൻ സെൻററിന് സമീപം വൻ തീപിടിത്തമുണ്ടായപ്പോൾ ഏറെ പണിപ്പെട്ടാണ് അധികൃതർ അണച്ചത്. കുവൈത്ത് അഗ്നിശമനസേന ഇപ്പോൾ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലും സജീവമാണ്. റെസിഡൻഷ്യൽ ഏരിയകളിൽ മരുന്ന് എത്തിക്കുന്നതിലും മറ്റു സേവനങ്ങളിലും അവർ വ്യാപൃതരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.