ഘാനയും റിക്രൂട്ട്മെൻറ് നിർത്തി; ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷം
text_fieldsകുവൈത്ത് സിറ്റി: ആഫ്രിക്കൻ രാജ്യമായ ഘാന, കുവൈത്ത് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് താൽക്കാലികമായി നിർത്തി. ഘാന തൊഴിൽ മന്ത്രി ഇഗ്നേഷ്യസ് ബാഫറിനെ ഉദ്ധരിച്ച് രാജ്യത്തെ ഒൗദ്യോഗിക വാർത്ത ഏജൻസിയാണിക്കാര്യം റിപ്പോർട്ട് ചെയ്തത്. കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്കാണ് വിലക്ക്. തൊഴിലാളികൾ ലൈംഗിക ചൂഷണത്തിന് ഉൾപ്പെടെ വിധേയമാവുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. 2000ത്തിലേറെ ഘാനക്കാരായ ഗാർഹികത്തൊഴിലാളികളാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. പ്രത്യക്ഷമായി ബാധിക്കില്ലെങ്കിലും പൊതുവെ ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമായ കുവൈത്തിന് ഇത് തിരിച്ചടിയാണ്. തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നുവെന്ന പൊതുചിത്രം അന്താരാഷ്ട്ര തലത്തിൽ ഉയരുന്നത് രാജ്യത്തിന് ക്ഷീണമാണ്. ചൂഷണം ആരോപിച്ച് ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും കുവൈത്തിലേക്കുള്ള റിക്രൂട്ട്മെൻറ് നിർത്തിവെച്ചിരിക്കുകയാണ്.
ജോലിക്കാർ ക്രിമിനൽ സ്വഭാവം കാണിക്കുന്നു എന്ന കാരണം മുൻനിർത്തി ഇത്യോപ്യയിൽനിന്നുള്ള റിക്രൂട്ട്മെൻറ് കുവൈത്ത് നിർത്തിയിട്ടുമുണ്ട്. ഇതുകാരണം ഗാർഹിക മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമായിട്ടുണ്ട്. നിലവിൽ ഫിലിപ്പീൻസിൽനിന്നാണ് കൂടുതൽ ഗാർഹിക ജോലിക്കാർ എത്തുന്നത്. കുവൈത്തിലേക്ക് ഗാർഹിക ജോലിക്കാരെ അയക്കുന്നത് നിർത്തിവെക്കാൻ ഫിലിപ്പീൻസ് ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽനിന്നും നിലവിൽ കുവൈത്തിലേക്ക് വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻറ് നടക്കുന്നില്ല. തൊഴിലാളികൾക്ക് അവകാശങ്ങൾ വകവെച്ചുകൊടുക്കാത്ത നടപടികളും പീഡനങ്ങളും സ്പോൺസർമാരിൽനിന്ന് ഉണ്ടാവുന്നത് കൊണ്ടാണ് ഇന്ത്യൻ അധികൃതർ ഗാർഹികത്തൊഴിലാളികളെ ഇനി കുവൈത്തിലേക്ക് അയക്കേണ്ട എന്ന് തീരുമാനിച്ചത്. ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്മെൻറ് പുനരാരംഭിക്കാൻ കുവൈത്ത് ചർച്ചകൾ നടത്തിവരുകയാണ്. ശമ്പളം തടഞ്ഞുവെക്കുന്ന സ്പോൺസർമാരെ ആഭ്യന്തര വകുപ്പ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതടക്കം നടപടികൾക്ക് സന്നദ്ധമായാണ് കുവൈത്ത് റിക്രൂട്ട്മെൻറ് പുനരാരംഭിക്കാൻ ചർച്ച നടത്തുന്നത്. കുവൈത്തിലെ പുതിയ ഗാർഹികത്തൊഴിലാളി നിയമത്തിൽ തൊഴിലാളികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്പോൺസർമാരുടെ ചൂഷണത്തിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതാണ് പുതിയ നിയമം. വിശ്രമം അനുവദിക്കാതെ പ്രതിദിനം 12 മണിക്കൂറിലധികം ജോലി ചെയ്യിപ്പിക്കാൻ പുതിയ നിയമം അനുവദിക്കുന്നില്ല. കരാർ പ്രകാരമുള്ള ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ തൊഴിലുടമ വൈകിയ ഓരോ മാസത്തിനും പത്ത് ദീനാർ വീതം അധികം നൽകണം. ചുരുങ്ങിയ വേതനം 60 ദീനാറായി നിശ്ചയിച്ചിട്ടുണ്ട്. പ്രായപരിധി 21 വയസ്സിനും 60നും മധ്യേ. തൊഴിലാളിയെ ഭീഷണിപ്പെടുത്തിയോ നിർബന്ധിച്ചോ കുവൈത്തിന് പുറത്ത് ജോലി ചെയ്യിപ്പിക്കാൻ പാടില്ല. തൊഴിലുടമയല്ലാതെ മറ്റാരുടെയെങ്കിലും ജോലിയും നിർബന്ധിച്ച് ഏൽപിക്കാൻ പാടില്ലെന്ന് നിയമത്തിൽ പറയുന്നു. 2016 ജൂലൈയിൽ പുതിയ ഗാർഹികത്തൊഴിലാളി നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് 1,800 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 148 കേസുകളാണ് കോടതിയിലെത്തിയത്. ഇവയിൽ ഭൂരിഭാഗത്തിലും തൊഴിലാളികൾക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.