ഗാർഹികത്തൊഴിലാളി ക്ഷാമം: നാലു രാജ്യങ്ങളിൽനിന്ന് ജോലിക്കാരികളെ റിക്രൂട്ട് ചെയ്യും –മന്ത്രി റൗദാൻ
text_fieldsകുവൈത്ത് സിറ്റി: ഫീസ് വർധനക്കുപുറമെ, ഫിലിപ്പീൻ ഗാർഹിക തൊഴിലാളികളെ അയക്കുന്നത് പൂർണമായി നിർത്തുകയും ചെയ്തതോടെ മറ്റു നാലു രാജ്യങ്ങളിൽനിന്ന് റിക്രൂട്ടിങ് നടപടികൾ ആരംഭിക്കുമെന്ന് വ്യവസായ- വാണിജ്യമന്ത്രി ഖാലിദ് അൽ റൗദാൻ. വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പാർലമെൻറിൽ ചൂടേറിയ ചർച്ച നടന്നിരുന്നു. അതിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇന്തോനേഷ്യ, ബംഗ്ലാദേശ്, വിയറ്റ്നാം, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആഭ്യന്തര-വാണിജ്യ മന്ത്രാലയങ്ങളുടെയും മാൻപവർ അതോറിറ്റിയുടെയും ഏകോപനത്തിൽ ഇതിനുവേണ്ട പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും.
മൂന്നു വിഭാഗത്തിലെയും മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം ഈ രാജ്യങ്ങൾ സന്ദർശിച്ച് നടപടികൾക്ക് തുടക്കമിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റിക്രൂട്ടിങ് ഫീസ് ഗണ്യമായി കൂട്ടിയ അൽദുർറ കമ്പനിയുടെ തീരുമാനത്തിന് പിന്നാലെ തങ്ങളുടെ തൊഴിലാളികൾക്കെതിരെയുള്ള അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി ഫിലിപ്പീൻ വേലക്കാരികളെ അയക്കുന്നത് നിർത്തുകയും ചെയ്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഈ സാഹചര്യത്തിൽ ബദൽ സംവിധാനം ഉടൻ കണ്ടെത്തണമെന്നും അല്ലെങ്കിൽ ഗാർഹിക മേഖല കൂടുതൽ പ്രതിസന്ധിയിലാകുമെന്നും എം.പിമാർ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.