ഓൺലൈൻ വഴി ഇഖാമ പുതുക്കൽ വർഷാരംഭത്തിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഓൺലൈൻ വഴി വിദേശികളുടെ ഇഖാമ പുതുക്കുന്ന പദ്ധതി അടുത്ത വർഷം ജനുവരി മുതൽ പ്രാബല്യത്തിലാകും.
ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പരീക്ഷണാർഥം സെപ്റ്റംബറിൽ ഗാർഹിക തൊഴിലാളികൾക്കിടയിൽ ഇത് നടപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിദേശികളുടെ ഇഖാമയെ മറ്റു മന്ത്രാലയങ്ങളുമായി ഓൺലൈൻ വഴി ബന്ധിപ്പിക്കുന്ന നടപടികൾ ഏകദേശം പൂർത്തിയായിട്ടുണ്ട്.
മെഡിക്കൽ ഫിറ്റ്നസിനുവേണ്ടി ആരോഗ്യമന്ത്രാലയം, ക്രിമിനൽ പശ്ചാത്തലമില്ലെന്നു തെളിയിക്കുന്നതിന് കുറ്റാന്വേഷണ വിഭാഗം, കുവൈത്തിലെ താമസ വിവരങ്ങൾ ചേർക്കുന്നതിന് ഇഖാമ കാര്യാലയം എന്നിവയുമായാണ് ബന്ധിപ്പിച്ചത്. ആഭ്യന്തരമന്ത്രാലയത്തിലെ ടെക്നിക്കൽ വിഭാഗം ഇതിനായി പ്രത്യേക സോഫ്റ്റ്വെയർ തയാറാക്കുകയാണ് ചെയ്തത്.
ബന്ധപ്പെട്ട കാര്യാലയത്തിൽ നേരിട്ട് ചെന്ന് വിദേശികൾക്ക് വിവരങ്ങൾ നൽകാനും ഇഖാമ പുതുക്കാനുമുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.
ഇതിനുവേണ്ടി ഇടപാടുകാരിൽനിന്ന് എങ്ങനെ ഫീസ് ഈടാക്കുമെന്നതിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. ഇഖാമ പുതുക്കാനെത്തുമ്പോൾ ഓൺലൈൻ വഴി ഈടാക്കുകയോ പാസ്പോർട്ടിൽ ഇഖാമ പതിക്കുമ്പോൾ ഈടാക്കുകയോ ചെയ്യാം എന്നാണ് ആലോചിക്കുന്നത്.
പാസ്പോർട്ട് ഓഫിസുകളിലെ തിരക്ക് കുറക്കാനും നടപടിക്രമങ്ങൾ എളുപ്പമാക്കാനും ഓട്ടോമാറ്റിക് റിന്യൂവൽ സംവിധാനം സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സർക്കാർ സേവനങ്ങൾ പൂർണമായും ഇ-ഗവേണിങ് സംവിധാനത്തിലേക്ക് മാറുന്നതിെൻറ ഭാഗമായാണ് ഇഖാമ പുതുക്കുന്നതിന് പുതിയ സംവിധാനം നടപ്പാക്കുന്നത്. പണച്ചെലവും സമയനഷ്ടവും ഒഴിവാക്കാനും ഓട്ടോമാറ്റിക് സംവിധാനം ഉപകരിക്കും. പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുക്കുന്നതിനായി വിവിധ കമ്പനികൾ സമർപ്പിച്ച ടെൻഡറുകൾ മന്ത്രാലയം പരിശോധിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.