മാനവികതയുടെ വീണ്ടെടുപ്പ് കാലത്തിന്റെ തേട്ടം -ജി.കെ. എടത്തനാട്ടുകര
text_fieldsകുവൈത്ത് സിറ്റി: മാനവികതയുടെ വീണ്ടെടുപ്പ് കാലത്തിന്റെ തേട്ടമാണെന്ന് എഴുത്തുകാരനും ചിന്തകനുമായ ജി.കെ. എടത്തനാട്ടുകര പറഞ്ഞു.
കേരള ഇസ്‌ലാമിക് ഗ്രൂപ് (കെ.ഐ.ജി) അബൂഹലീഫ ഏരിയ സംഘടിപ്പിച്ച സൗഹൃദ സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യർ തമ്മിലുള്ള അകലം രൂപപ്പെടുന്നത് അറിവില്ലായ്‌മക്കും ശത്രുതക്കും കാരണമാകുന്നു. വിവരവിപ്ലവത്തിന്റെ കാലമായിട്ടും ഇങ്ങനെ സംഭവിക്കുന്നത് അറിവിനപ്പുറത്തുള്ള തിരിച്ചറിവിന്റെ അഭാവംകൊണ്ടാണ്. ഇന്ന് വളരെയധികം വിമർശനം ഏറ്റുവാങ്ങുന്ന ദർശനമാണ് ഇസ്‌ലാം.
ഇസ്‌ലാം ലോകത്തെ വലിയ അപകടമാണെന്ന് തോന്നിപ്പിക്കുംവിധമാണ് പ്രചാരം. എന്നാൽ, മനുഷ്യ സമൂഹത്തിൽ നിലനിന്ന എല്ലാ നന്മകളെയും ചേർത്തുനിർത്തിയ ആശയമാണ് ഇസ്‌ലാമെന്ന് അദ്ദേഹം പറഞ്ഞു.
പ്രത്യേകം ക്ഷണിക്കപ്പെട്ട സമൂഹത്തിലെ വ്യത്യസ്‌തതലങ്ങളിലുള്ള നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു. ലൗ ജിഹാദ്, ആത്മഹത്യ, തീവ്രവാദം, ഇസ്‌ലാം വിമർശനം തുടങ്ങിയ വിഷയങ്ങളിൽ സദസ്യരിൽനിന്നുള്ള ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ജി.കെ. എടത്തനാട്ടുകര മറുപടി പറഞ്ഞു. മെഹ്ബൂല കാലിക്കറ്റ് ലൈവ് റസ്റ്റാറന്റിൽ നടന്ന സൗഹൃദസദസ്സിൽ കെ.ഐ.ജി അബൂഹലീഫ ഏരിയ പ്രസിഡന്റ് അബ്‌ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. കൺവീനർ വി. അലി സ്വാഗതം പറഞ്ഞു. ഫിസാൻ അബ്‌ദുൽഖാദർ ഖുർആൻ പാരായണവും സെക്രട്ടറി അംജദ് അഹമ്മദുണ്ണി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.