‘മനുഷ്യന്, എത്ര മനോഹരമായ പദം’
text_fieldsവയനാടൻ ഭൂകമ്പത്തിന്റെ കെടുതികൾക്കിടയിൽ മനുഷ്യകാരുണ്യത്തിന്റെ ആഴത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ചിത്രം കണ്ടു. ‘കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വേണേൽ പറയണേ, ഭാര്യ റെഡിയാണ്’... ദുരന്തഭൂമിയിൽ എവിടെയോ പട്ടിണി കിടക്കുന്ന പേടിച്ചരണ്ട ഒരു കുഞ്ഞുണ്ടാവുമെന്ന ചിന്തയാൽ എവിടെയോ ഉള്ള ഒരു അമ്മ ഉത്കണ്ഠപ്പെടുന്നു.
സഹായിക്കാൻ സന്നദ്ധയാവുന്നു. ആ അമ്മയുടെ ഉത്കണ്ഠ മലയാളികളുടെ ആകമാനം ഉത്കണ്ഠയാണ്. ലോകത്തെ കരുണവറ്റാത്ത മനുഷ്യരുടെ പ്രതീകമായി ആ നിമിഷത്തിൽ ആ അമ്മ മാറി. സ്നേഹത്തിനും കരുതലിനും അതിരുകളില്ലെന്നും, ജനങ്ങളുടെ സഹജമായ നൻമയുടെയും അനുകമ്പയുടെയും തെളിവുമാണിത്.
ഒരു സുപ്രഭാതത്തിൽ നമുക്ക് ചുറ്റുമുള്ളവർ എല്ലാം ഇല്ലാതായി പോവുന്ന ഒരവസ്ഥ ഓർത്തുനോക്കൂ. ഒരു ഇടം തന്നെ ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമാവുന്നത്. ഒഴുകി നീങ്ങുന്ന പുഴയിൽ തലയില്ലാത്ത ഉടലും കൈയും കാണുന്നതിന്റെ ഭീകരത. എത്രയോ കുടുംബങ്ങളിലെ അംഗങ്ങൾ മരണപ്പെട്ടു.
ചിലരെ കാണാതായി. സ്വരുടക്കൂട്ടിവെച്ച് പണിത വീടും ഭൂമിയും തകർന്നു. ഒരിക്കലും നികത്താനാവാത്ത ശൂന്യതയിൽ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ട്രോമയിൽ പെട്ടുകിടക്കുന്നു ചിലർ. ദുരന്തം തീർത്ത മുറിവുകൾ അത്ര എളുപ്പം നികത്താനാവുന്നതല്ല. തീവ്രദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വേദനയും നഷ്ടവും വളരെ വലുതാണ്.
നിഷ്കളങ്കതക്ക് പേരുകേട്ടവരാണ് വയനാട്ടുകാർ. മറ്റുള്ളവരുടെ നന്മയെക്കുറിച്ച് ചിന്തിക്കുകയും എറെ അനുകമ്പയോടും ഉദാരതയോടും ജീവിതം നയിക്കുകയും ചെയ്യുന്നവരാണ് അവർ. ഈ സംഭവം കേരളത്തെ മാത്രമല്ല നടുക്കിയത്. പ്രവാസികൾക്കിടയിലും ദൂരം വേദന കുറക്കുന്നില്ല. അഗാധ അശാന്തതയിൽ പ്രവാസികൾക്കും ഉറക്കം നഷടപ്പെട്ട ദിനരാത്രങ്ങളാണ് കഴിഞ്ഞുപോയത്.
ദുരന്തഭൂമിയിലെ ജനങ്ങളുടെ ഇടപെടൽ അസാധാരണമായിരുന്നു. എന്തിനും തയാറായ സന്നദ്ധ പ്രവർത്തകർ, രക്തദാനത്തിനായി കാത്തു നിൽക്കുന്നവരുടെ നീണ്ട നിര. വീടുവെച്ചു നൽകാനും മറ്റും പിന്തുണയുമായി എത്തിയവരുടെ പ്രവാഹം. രക്തബന്ധമോ സൗഹൃദ ബന്ധമോ ഒന്നുമല്ല ആരെയും മുന്നോട്ടു നയിക്കുന്നത്. മറിച്ച് മാനുഷികമായ ഉത്തരവാദിത്ത ബോധമാണ്. അതിൽ അപരിചിതരില്ല.
പ്രവാസലോകവും വെറുതെ ഇരിക്കുകയല്ല. സഹായങ്ങൾക്കായി ഇറങ്ങി പുറപ്പെട്ട വിവിധ സംഘടനകളെ ചുറ്റും കാണുന്നുണ്ട്. കൂട്ടായ ഈ പ്രയത്നം ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ആരും ഒറ്റക്കല്ലെന്ന് ഓർമപ്പെടുത്തുന്നു. എല്ലാ വിലാപങ്ങൾക്കും മനുഷ്യർ ചെവികൊടുക്കുന്നുണ്ട്. ഏത് ഇരുട്ടും മറികടക്കാനും വെളിച്ചം കണ്ടെത്താനും കഴിയും എന്ന പ്രതീക്ഷയാണ് ഇവ പങ്കുവെക്കുന്നത്. ‘മനുഷ്യന്, എന്നത് എത്ര മനോഹരമായ പദം’ എന്ന വാക്ക് അർഥ പൂർണമാകുന്നത് ഇങ്ങനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.