വിസ കച്ചവടം നടത്തിയാൽ തടവും പിഴയും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബ സന്ദർശന വിസയുടെ കാലയളവ് മൂന്നു മാസമായി ഉയർത്തും. ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അല്‍ അദാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ ഒരു മാസത്തേക്കായിരുന്നു കുടുംബ സന്ദർശന വിസ നൽകിയിരുന്നത്.
എന്നാൽ, വിസയുടെ കാലാവധി ലംഘിക്കുന്നവർക്കും വിസ കച്ചവടത്തിൽ ഏർപ്പെടുന്നവർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കും. നിയമലംഘനം ഉണ്ടായാല്‍ `സഹൽ' ആപ് വഴി അറിയിപ്പ് നല്‍കും. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കും. അടുത്തിടെ പുതിയ റെസിഡന്‍സി നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിറകെയാണ് കുടുംബ സന്ദർശന വിസയുടെ കാലാവധി വർധിപ്പിക്കുന്നത്. എന്നാൽ, വിസക്ക് അപേക്ഷിക്കാനുള്ള മറ്റു മാനദണ്ഡങ്ങൾ മാറ്റിയിട്ടില്ല. അഞ്ചു വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് സ്ഥിര താമസാനുമതി, റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് 10 വർഷം, നിക്ഷേപകർക്ക് 15 വർഷം വിസ എന്നിവയും പുതിയ റെസിഡന്‍സി നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അതേസമയം, വിസ കച്ചവടം നടത്തുന്നവര്‍ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അലി അല്‍ അദാനി വ്യക്തമാക്കി. ഇത്തരക്കാർക്ക് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവോ 10,000 ദീനാര്‍ വരെ പിഴയോ ചുമത്തും. വിസ ഫീസ് ഘടന പഠിക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കും. സമിതിയുടെ നിർദേശമനുസരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വികസനങ്ങൾക്കും മാറ്റങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കൽ, പ്രവാസി തൊഴിലാളികളോട് നീതി പുലർത്തൽ, റെസിഡൻസി വ്യാപാരികളെ ചെറുക്കൽ എന്നിവ പുതിയ റെസിഡന്‍സ് നിയമത്തിലൂടെ ലക്ഷ്യം വെക്കുന്നു. മുൻ നിയമത്തിലെ വ്യവസ്ഥകളിലെ പോരായ്മകളും പഴുതുകളും പരിഹരിക്കുകയും തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുകയും ഇതിന്റെ ഭാഗമാണെന്നും ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അല്‍ അദാനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.