തടവ് ശിക്ഷ വീട്ടിൽ; ആദ്യ പട്ടികയിൽ 17 പേർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തടവുശിക്ഷ വീട്ടിൽ അനുഭവിക്കുന്ന പദ്ധതി ആരംഭിക്കാൻ അധികൃതർ ഒരുക്കത്തിൽ. ആദ്യ ഘട്ടമായി പബ്ലിക് പ്രോസിക്യൂഷൻ 17 തടവുകാരുടെ പട്ടിക തയാറാക്കി. വിവിധ രാജ്യക്കാരായ പുരുഷന്മാരാണ് പട്ടികയിലുള്ളത്. മൂന്നുവർഷത്തിൽ കുറവുള്ള തടവുശിക്ഷയാണ് സ്വന്തം വീട്ടിൽ അനുഭവിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവന്നത്. വിളിപ്പുറത്ത് ഉണ്ടായിരിക്കണമെന്നും പുറത്തുപോകരുതെന്നുമുള്ള നിബന്ധനക്ക് വിധേയമായാണ് ഇൗ അവസരം നൽകുക. ഇത് ഉറപ്പുവരുത്താനായി തടവുപുള്ളിയുടെ ദേഹത്ത് ഇലക്ട്രോണിക് വള അണിയിക്കും. ഇതുപയോഗിച്ച് അധികൃതർക്ക് നീക്കങ്ങളെ നിരീക്ഷിക്കാൻ കഴിയും. ആശുപത്രിയിൽ പോകാൻ ആഭ്യന്തരമന്ത്രാലയത്തിെൻറ ഒാപറേഷൻ റൂമിൽ വിളിച്ച് അനുമതി വാങ്ങണം. വീട്ടിൽ സിഗ്നൽ ജാമർ വെക്കരുത്. ഇലക്ട്രോണിക് വള ഒഴിവാക്കാനോ നശിപ്പിക്കാനോ ശ്രമിക്കരുത്. ഇങ്ങനെ ചെയ്താൽ വേറെ കേസ് ചുമത്തുകയും വീണ്ടും ജയിലിലേക്ക് മാറ്റുകയും ചെയ്യും. അതേസമയം, ആർക്കുവേണമെങ്കിലും വീട്ടിൽ തടവുകാരനെ സന്ദർശിക്കാൻ കഴിയും. കുടുംബാംഗങ്ങളുടെ അംഗീകാരപത്രം സഹിതം ജയിൽ അഡ്മിനിസ്ട്രേഷന് അപേക്ഷ സമർപ്പിച്ച് പദ്ധതി പ്രയോജനപ്പെടുത്താം. മാനുഷിക പരിഗണനവെച്ചും തടവുകാരെ നല്ല ജീവിതത്തിലേക്ക് മടങ്ങിവരാൻ പ്രേരിപ്പിക്കാൻ വേണ്ടിയുമാണ് ഇത്തരമൊരു പദ്ധതി അവതരിപ്പിക്കുന്നത്. കുവൈത്തിൽ ജയിൽ അന്തേവാസികളുടെ ആധിക്യം സൃഷ്ടിക്കുന്ന പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നതാണ് വീട്ടിലെ തടവ് പദ്ധതി. ഇലക്ട്രോണിക് വള അണിഞ്ഞയാൾ നിശ്ചിത പരിധിക്ക് പുറത്തുപോയാൽ ഉടൻ ആഭ്യന്തരമന്ത്രാലയത്തിെൻറ ഒാപറേഷൻ റൂമിൽ അറിയാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.