ഫ്രൈഡേ മാർക്കറ്റിൽ ഭേദപ്പെട്ട തിരക്ക്; അഭിനന്ദനം ഏറ്റുവാങ്ങി ക്രമീകരണങ്ങൾ
text_fieldsകുവൈത്ത് സിറ്റി: ആറുമാസമായി പ്രവർത്തിക്കാതിരുന്ന ഫ്രൈഡേ മാർക്കറ്റ് വീണ്ടും സജീവായി. വ്യാഴാഴ്ച തുറന്ന മാർക്കറ്റിൽ ആദ്യദിവസം തിരക്കില്ലായിരുന്നുവെങ്കിൽ വെള്ളിയാഴ്ച അത്യാവശ്യം തിരക്ക് അനുഭവപ്പെട്ടു. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ അധികൃതർ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ അഭിനന്ദനം ഏറ്റുവാങ്ങി.
സാമൂഹിക അകലം പാലിക്കാനായി ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. 37.5 ഡിഗ്രിക്ക് മുകളിൽ താപനിലയുള്ളവരെയും മാസ്കും കൈയുറയും ധരിക്കാത്തവരെയും അകത്തേക്ക് കടത്തിവിട്ടില്ല. കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും പൊലീസിെൻറയും നിരീക്ഷണമുണ്ട്. കച്ചവടക്കാർക്ക് നേരത്തേ പരിശീലനം നൽകിയിരുന്നു. സ്റ്റാളുകളും ഇറക്കുമതി ചെയ്ത ഉൽപന്നങ്ങളും അണുനശീകരണം നടത്തിയാണ് മാർക്കറ്റ് തുറന്നത്.
മാർച്ചിൽ അടച്ച ഫ്രൈഡേ മാർക്കറ്റ് ജൂലൈ 10ന് വീണ്ടും തുറന്നെങ്കിലും തിരക്കേറുകയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതിരിക്കുകയും ചെയ്തതോടെ വീണ്ടും അടക്കുകയായിരുന്നു. കുവൈത്തിലെ ഏറ്റവും പഴക്കമേറിയതും ജനകീയവുമായ വിപണിയാണ് സൂഖ് അൽ ജുമുഅ അഥവാ ഫ്രൈഡേ മാർക്കറ്റ്. ജൂലൈയിൽ സന്ദർശകർക്കായി തുറന്നുകൊടുത്തതോടെ വൻ തള്ളിക്കയറ്റമാണ് ഉണ്ടായത്. സാമൂഹിക അകലം പാലിക്കപ്പെടാതെ ആളുകൾ കൂട്ടം കൂടി നിൽക്കുകയായിരുന്നു.
പ്രവേശനകവാടത്തിന് പുറത്തും തിരക്ക് അനുഭവപ്പെട്ടു. ആളുകൾ ഗേറ്റ് ചാടിക്കടക്കുന്നത് ഉൾപ്പെടെ സംഭവങ്ങൾ ഉണ്ടായതോടെ ഉച്ചക്ക് മുമ്പുതന്നെ അധികൃതർ മാർക്കറ്റ് അടക്കാൻ തീരുമാനിക്കുകയായിരുന്നു. നാട്ടുചന്തകളെ ഓര്‍മിപ്പിക്കുന്ന ഇൗ തുറന്ന വിപണി മൊട്ടുസൂചി മുതല്‍ വ്യായാമ ഉപകരണങ്ങൾ വരെ മിക്കവാറും സാധനങ്ങൾ വിലക്കുറവിൽ ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ സാധാരണക്കാരും കുറഞ്ഞ വരുമാനക്കാരുമാണ് കൂടുതലായി എത്താറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.