ഒരാഴ്ചക്കിടെ 5000ത്തിലേറെ പേർ ലിബറേഷൻ ടവർ സന്ദർശിച്ചു
text_fieldsകുവൈത്ത് സിറ്റി: ലിബറേഷൻ ടവറിൽ പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിച്ചതിന് ശേഷം ഒരാഴ്ചക്കിടെ 5000ത്തിലേറെ പേർ സന്ദർശകരായെത്തി. കുവൈത്തികൾക്കും വിദേശികൾക്കും പ്രവേശനമുണ്ട്. ലിബറേഷൻ ടവർ വെബ്സൈറ്റിലൂടെ മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുത്താലേ സന്ദർശിക്കാൻ കഴിയൂ.
അതേസമയം, ഫെബ്രുവരി അവസാനം വരെയുള്ള ബുക്കിങ് അവസാനിച്ചതായി അധികൃതർ വ്യക്തമാക്കി. ഒരേസമയത്ത് അനുവദിക്കാവുന്ന സന്ദർശകരുടെ എണ്ണം വർധിപ്പിക്കാൻ അനുമതി തേടി ഉന്നതതലത്തിലേക്ക് കത്തയച്ചിട്ടുണ്ട്. നിലവിൽ ആരോഗ്യ മാർഗനിർദേശം പാലിക്കേണ്ടതിനാൽ ഒാരോ മണിക്കൂറിലും 50 പേരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ. രാജ്യത്ത് ഫെബ്രുവരി 20 മുതൽ ആരോഗ്യ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിെൻറ ഭാഗമായി കൂടുതൽ സന്ദർശകരെ അനുവദിക്കുമെന്നാണ് വിലയിരുത്തൽ. വർധിച്ച ആവശ്യകത കണക്കിലെടുത്ത് മണിക്കൂറിൽ 100 പേർക്ക് പ്രവേശനാനുമതി നൽകണമെന്നാണ് മിനിസ്ട്രി ഒാഫ് കമ്യൂണിക്കേഷൻ ആൻഡ് സപ്പോർട്ട് സർവിസ് സെക്ടർ, കൊറോണ എമർജൻസി കമ്മിറ്റിക്ക് അപേക്ഷ നൽകിയിരിക്കുന്നത്. രാവിലെ ഒമ്പതുമുതൽ ഉച്ച ഒന്നുവരെ വിദ്യാർഥികൾക്കും സർക്കാർ വകുപ്പുകൾക്കുമാണ് പ്രവേശനം. വൈകീട്ട് മൂന്നുമുതൽ രാത്രി ഒമ്പതുവരെയാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുക.
കുവൈത്ത് സിറ്റിയുടെ ആകാശദൃശ്യം കാണാമെന്നതാണ് ടവറിെൻറ ആകർഷണം. ഇറാഖ് അധിനിവേശത്തിൽനിന്ന് വിമോചനം നേടിയതിെൻറ സ്മാരകമായി 1996 മാർച്ച് പത്തിനാണ് ലിബറേഷൻ ടവർ ഉദ്ഘാടനം ചെയ്തത്. 372 മീറ്റർ ഉയരമുള്ള ടവർ ഗൾഫ് രാജ്യങ്ങളിലെയും അറബ് മേഖലയിലെയും ഏറ്റവും ഉയരം കൂടിയതാണ്. ടവറിന് മുകളിലെ റസ്റ്റാറൻറിലും വ്യൂ പോയൻറിലും ആണ് സന്ദർശകരെ പ്രവേശിപ്പിക്കുക. ടെലികമ്യൂണിക്കേഷൻ മന്ത്രാലയവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളും പഴയ കമ്യൂണിക്കേഷൻ ഉപകരണങ്ങളും ടവറിനുള്ളിൽ പ്രദർശിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.