ഇന്ത്യൻ എംബസിയിൽ തീമാറ്റിക് ലൈബ്രറി ഉദ്ഘാടനം ഇന്ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ തീമാറ്റിക് ലൈബ്രറി ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് 2.30ന് നടക്കും. ഇന്ത്യയുടെ സമ്പന്നവും ആകർഷകവുമായ സംസ്കാരം, സാഹിത്യ പൈതൃകം, ബൃഹത്തായതും വൈവിധ്യമാർന്നതുമായ ഇന്ത്യൻ സവിശേഷതകൾ എന്നിവ പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികൾ സംഘടിപ്പിക്കും. ആഴ്ചയിൽ ഒരു ആശയം അടിസ്ഥാനമാക്കിയാവും പരിപാടികൾ. ഒാണാഘോഷത്തോടനുബന്ധിച്ച് 'ഇന്ത്യയിലെ ആഘോഷങ്ങൾ' പ്രമേയത്തിലാണ് അടുത്ത രണ്ടാഴ്ച പരിപാടികൾ.
ഇൗ ആശയവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രദർശിപ്പിക്കും. 'ഇന്ത്യയിലെ ആഘോഷങ്ങൾ' വിഷയത്തിൽ എംബസി അങ്കണത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കും. റിസപ്ഷനിലും കോൺസുലാർ ഹാളിലും ക്വിസ് ഫോറം ലഭ്യമാണ്. ഡിജിറ്റലായും പരിപാടികൾ നടത്തും. @thematic_lib എന്ന ട്വിറ്റർ വിലാസത്തിൽ ഇന്ത്യയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും സാഹിത്യങ്ങൾ സംബന്ധിച്ച വിവരങ്ങളും പങ്കുവെക്കും. കുവൈത്തിലെ ഇന്ത്യക്കാരെയും സുഹൃദ്രാജ്യങ്ങളിലെ പൗരന്മാരെയും ക്ഷണിക്കുന്നതായി അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. വിവരങ്ങൾക്ക് pic.kuwait@mea.gov.in എന്ന വിലാസത്തിൽ ഇ– മെയിലിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.