ഉണരുക, ഉയരുക...
text_fields‘‘എല്ലാ മതങ്ങളും സത്യമാണ്. വിഭിന്ന മതങ്ങൾ തമ്മിൽ യഥാർഥത്തിൽ ഒരു വ്യത്യാസവുമില്ല. ഒരു തോട്ടത്തിലെ പല പൂക്കൾ തമ്മിലെന്നപോലെയുള്ള വ്യത്യാസമേയുള്ളൂ.’’ സ്വാമി വിവേകാനന്ദന്റേതാണ് ഈ വാക്കുകൾ. മനുഷ്യനെ ഉണർത്താനും കർമനിരതനാക്കാനും പ്രയത്നിച്ച ആ യുവസന്യാസിയുടെ ഓർമകൾ നിലനിർത്തി ജനുവരി മാസം നാം യുവജനദിനം ആഘോഷിക്കുകയാണ്.
ലോകം യുവത്വത്താൽ നയിക്കപ്പെട്ടിരുന്നെങ്കിൽ ആ ലോകം ഏറ്റവും മികച്ച ഒരിടമായിരിക്കും എന്നതായിരുന്നു സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളിലൊന്ന്. ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്നവരാണ് യുവത്വമെന്ന് അദ്ദേഹം വിശ്വസിച്ചു. യുവജനങ്ങളെ നവീകരിക്കുകയും കർമോത്സുകരാക്കുകയും ചെയ്യുന്നതിലൂടെ വിദ്യാസമ്പന്നരായ, നിസ്വാർഥരായ ഭാവിതലമുറയെ വാർത്തെടുക്കാമെന്ന തത്ത്വത്തിൽ അദ്ദേഹം തന്റെ പ്രവർത്തനങ്ങളെ മുന്നോട്ടുനയിച്ചു.
ഏതൊരു സമൂഹത്തെയും ചലനാത്മകമാക്കാൻ കഴിയുന്ന അതിവിപുലമായ ഒരു മനുഷ്യസമ്പത്താണ് യഥാർഥത്തിൽ യുവജനങ്ങൾ. ലോകരാജ്യങ്ങളിൽ ഇന്ത്യയെപ്പോലെ അളവറ്റ മനുഷ്യവിഭവശേഷിയുള്ള ഒരു രാജ്യത്ത് സർവതല സ്പർശിയായ മാറ്റങ്ങൾക്ക് തുടക്കമിടാൻ കഴിയുന്നതും യുവജനങ്ങൾക്കാണ്. ലോക ചരിത്രത്തിന്റെ ഗതി നിർണയിച്ചതിൽ യുവസമൂഹം നടത്തിയ ഇടപെടലുകൾ ഉദാഹരണവുമാണ്.
വിജ്ഞാന സമ്പന്നമായ ഒരു തലമുറ വളർന്നുവരുമ്പോഴാണ് ഒരു മാതൃക സമൂഹം സാധ്യമാവുക. അറിവ് ഉണ്ടായാൽ പോര, അത് സമൂഹനന്മക്ക് ഉപകരിക്കുന്നതു കൂടിയായിരിക്കണം. അറിവ് പ്രയോഗിക്കുന്നത് വിദ്വേഷ പ്രചാരണത്തിനും വിനാശത്തിനുമാകരുത്. പകരം സർഗാത്മകവും ഉൽപാദനപരവുമാകണം.
ഈ ദ്വിമുഖ വീക്ഷണത്തിൽ യുവസമൂഹം സ്വയം വികസിക്കുകയും പൊതുസമൂഹം നവീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് മനുഷ്യബന്ധങ്ങൾ ദൃഢവും ആഴമുള്ളതുമായി മാറുക. നമുക്കു മുമ്പേയുള്ള മഹാരഥന്മാർ നേടിയെടുത്ത മുന്നേറ്റത്തിൽനിന്ന് സമൂഹത്തെ പിന്നാക്കം വലിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുക എന്നതുകൂടിയാണ് ലോകത്തിന്റെ യുവജന സമൂഹത്തിനു മുന്നിലെ വലിയ കടമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.