വിഷരഹിതമാകട്ടെ ഭക്ഷണം
text_fieldsകീടനാശിനി ഇല്ലാത്തതും വിഷമയം ഇല്ലാത്തതുമായ ആഹാരം കഴിക്കണമെങ്കിൽ മലയാളികൾ വിദേശത്തുപോകണം എന്നാണിപ്പോൾ സ്ഥിതി. കാർഷിക ഉൽപന്നങ്ങൾക്ക് അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി വളരെ കാലമായി നമുക്കുണ്ട്. കൃഷിസ്ഥലങ്ങളിലും വയലേലകളുമെല്ലാം വീടിനും കെട്ടിടങ്ങൾക്കും വഴിമാറുകയും ചെയ്തു. ഇതിനിടയിൽ നല്ല ഭക്ഷണം സ്വപ്നങ്ങളിൽ മാത്രം എന്നുള്ള മോശം അവസ്ഥയിലേക്ക് വന്നിരിക്കുന്നു. എല്ലാത്തരം ഭക്ഷണത്തിലും മായമാണിന്ന്. ഭക്ഷണത്തോടൊപ്പം രോഗവും വിലയ്ക്കുവാങ്ങുന്ന സ്ഥിതിയിലാണ് മലയാളി. വിഷമയം ഉള്ളതും കേടായതുമായ ഭക്ഷണം കഴിച്ചു ജനങ്ങളുടെ ആരോഗ്യം മോശമാകുകയും മരണങ്ങൾ സംഭവിക്കുമ്പോഴും മാത്രമാണ് നമ്മുടെ ഭരണകൂടം ഉണരുന്നത്. തുടർന്ന് ഒരു പ്രഹസനം പോലെ എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടും.
ഭക്ഷ്യവസ്തുക്കൾ പരിശോധിക്കുന്നതിനു പ്രത്യേക മാനദണ്ഡങ്ങളും അളവുകോലും വ്യവസ്ഥകളും നിയമങ്ങളും കൊണ്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വിദേശരാജ്യങ്ങൾ ചെയ്യുന്നതുപോലെയുള്ള ശക്തമായ പരിശോധനകളും നിയമങ്ങളും കൊണ്ടുവരണം. ഭക്ഷണത്തിൽ മായംചേർക്കുന്ന വ്യക്തികൾക്കെതിരെ ശക്തമായ കേസ് എടുക്കണം. കാലഹരണപ്പെട്ട നിയമങ്ങൾ അഴിച്ചുപണിയണം. വീടുകളിൽനിന്നും കാർഷികസംസ്കാരം വളർത്തിയെടുക്കുകയും, സ്കൂൾ തലങ്ങളിൽ കാർഷികവൃത്തി പഠനവിഷയമാക്കുകയും വേണം. ഹോട്ടലുകളിൽ കർശനമായ പരിശോധനകൾ നടത്തണം. അടുത്ത തലമുറക്കെങ്കിലും വിഷരഹിതമായ ആഹാരം കഴിക്കാനുള്ള സംവിധാനങ്ങൾക്ക് നമ്മൾ തുടക്കം കുറിക്കണം. ഇതൊരു കൂട്ടുത്തരവാദിത്തമാണ്. ഇതിൽ ഭരണകൂടവും ജനങ്ങളും പങ്കാളികളാകണം. നല്ലൊരു നാളേക്കായി നമുക്ക് പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.