പ്രവാസി സംരംഭങ്ങളിൽ ശ്രദ്ധയോടെ പങ്കാളികളാവുക
text_fieldsജീവിതത്തിന്റെ സിംഹഭാഗവും മണലാരണ്യത്തിൽ കഷ്ടപ്പെടുന്നവരാണ് പ്രവാസികൾ. ഇങ്ങനെ സ്വരുക്കൂട്ടുന്ന സമ്പാദ്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യാനും ജീവിത സായാഹ്നത്തിൽ മറ്റാരെയും ആശ്രയിക്കാതെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ശ്രമിക്കേണ്ടതുണ്ട്. വിവിധ സംരംഭങ്ങളിൽ പങ്കാളികളാകൽ, ബിസിനസ് ആരംഭിക്കൽ, മറ്റു വരുമാന മാർഗങ്ങളിൽ നിക്ഷേപിക്കൽ എന്നിവയിലൂടെയെല്ലാം സാമ്പത്തിക ഭദ്രത ഉറപ്പാക്കാനാകും. ഫലപ്രദവും സുസ്ഥിരവും വിശ്വാസയോഗ്യവുമായ പദ്ധതികളിൽ മാത്രം നിക്ഷേപിക്കാൻ ശ്രദ്ധിക്കണം.
ചെറുകിട സംരംഭങ്ങൾ ലാഭം
അടുത്തിടെയായി കേരളത്തിൽ നിരവധി പ്രവാസി സംരംഭങ്ങൾ ഉയർന്നുവരുന്നുണ്ട്. ഇതിൽ കൂടുതലും പങ്കാളിത്ത വ്യവസ്ഥയിലുള്ള ചെറുകിട സംരംഭങ്ങളാണ്. ഇവക്ക് ഏറക്കുറെ സാമ്പത്തിക ലാഭം കൈവരിക്കാൻ സാധിക്കുന്നുണ്ട്. സംരംഭം തുടങ്ങാനുള്ള അനുമതിയും മറ്റും എളുപ്പത്തിൽ ലഭിക്കുകയും ചെയ്യുന്നു. സംരംഭത്തിന്റെ സാമ്പത്തികം, ആശയം, പ്രദേശത്തെ ജനങ്ങളുടെ ആവശ്യകതകൾ, വാങ്ങൽ ശേഷി എന്നിവ പഠനം നടത്തി സാധ്യമാണെന്ന് ബോധ്യമായാൽ ചെറുകിട സംരംഭങ്ങൾ ആരംഭിക്കാം.
കൃത്യമായ പഠനം അനിവാര്യം
പൊതു പങ്കാളിത്ത വ്യവസ്ഥയിൽ വൻകിട സംരംഭങ്ങളുടെ സാധ്യതയും ഏറെയാണ്. എന്നാൽ, പ്രവാസികളുടെ നിക്ഷേപം സ്വീകരിച്ചുകൊണ്ട് തുടങ്ങിയ സംരംഭങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ വൻകിട സംരംഭങ്ങളുടെ വിജയ ശതമാനം കുറവാണ്. ഒട്ടുമിക്ക സംരംഭങ്ങളും നഷ്ടത്തിലായി അടച്ചുപൂട്ടേണ്ടിയും വന്നിട്ടുണ്ട്. പ്രളയം, കോവിഡ് എന്നിവ കേരളത്തിൽ ബിസിനസ് രംഗത്ത് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
സാഹചര്യങ്ങളുടെ സമ്മർദം മൂലമാണ് പലപ്പോഴും പ്രവാസികൾ വൻകിട സംരംഭങ്ങളിൽ പങ്കാളികളാവുന്നത്. പ്രാഥമിക പഠനം പോലും നടത്താതെയാണ് മിക്കയാളുകളും പദ്ധതികളിൽ പങ്കാളികളാവുന്നത്. ബിസിനസ് ആശയം പരിചയപ്പെടുത്തിയ വ്യക്തികളുടെ വിപണിയെക്കുറിച്ചുള്ള ധാരണ, വിജയ സാധ്യത, തൊഴിൽ നൈതികത, മൂല്യങ്ങൾ എന്നിവയെല്ലാം ശ്രദ്ധിച്ചുവേണം നിക്ഷേപം നടത്താൻ
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് (എൽ.എൽ.പി) നിയമ പ്രകാരമാണ് ഇത്തരം സംരംഭങ്ങൾ രജിസ്റ്റർ ചെയ്യാറുള്ളത്. കമ്പനി ആർ.ഒ.സിയിൽ (രജിസ്ട്രാർ ഓഫ് കമ്പനീസ്) രജിസ്റ്റർ ചെയ്തതിനു ശേഷമായിരിക്കും പാർട്ണർമാരെ ചേർക്കുന്നത്. ഇതുകൊണ്ടുതന്നെ ഏറ്റവും പ്രഥമമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
1.പാർട്ണർഷിപ് എഗ്രിമെന്റ് ഒപ്പിടുന്നതിനുമുമ്പ് കരാർ വായിച്ചു മനസ്സിലാക്കുക.
2.കരാർ ഒപ്പിടുന്നതിനുമുമ്പ് ഫണ്ട് ട്രാൻസ്ഫർ ചെയ്യാതിരിക്കുക.
3.ആർ.ഒ.സിയിൽ സമർപ്പിച്ച കമ്പനി ഡീഡ് പരിശോധിക്കുക.
4.കമ്പനിയിൽ പാർട്ണറായി ക്ഷണിച്ച വ്യക്തി വാക്കാൽ പറഞ്ഞ കാര്യങ്ങളിൽ ഡീഡിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
5.ഡയറക്ടർ ബോർഡ്, ഡെസിഗ്നേറ്റഡ് പാർട്ണർമാർ എന്നിവരുടെ അധികാര അവകാശങ്ങൾ എത്രത്തോളം ഡീഡിൽ കൂട്ടിച്ചേർത്തിട്ടുണ്ട് എന്ന് മനസ്സിലാക്കുക.
6.ബാധകമായ എല്ലാ നിയമങ്ങളും, നിയന്ത്രണങ്ങളും, നയങ്ങളും ഡീഡിൽ ഉണ്ടെന്നു ഉറപ്പുവരുത്തുക.
7.മാറ്റങ്ങൾ ആവശ്യമാണെങ്കിൽ ഡീഡ് റിവൈസ് ചെയ്ത് ആർ.ഒ.സിയിൽ വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെടുക. *എല്ലാ പങ്കാളികൾക്കിടയിലും ക്രമവും സുതാര്യവുമായ ആശയ വിനിമയം പ്രോത്സാഹിപ്പിക്കുക.
8.മറ്റിതര സ്ഥാപനങ്ങളുമായി ബിസിനസ് കരാറിൽ ഏർപ്പെടുമ്പോൾ സമഗ്രമായി ചർച്ച ചെയ്യാനും അവലോകനം ചെയ്യാനും സമയമെടുക്കുക.
9.നിബന്ധനകളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് വ്യക്തമായ ധാരണയില്ലാതെ കരാറുകളിലേക്ക് തിരക്കുകൂട്ടുന്നത് ഒഴിവാക്കുക.
10.പദ്ധതിയെക്കുറിച്ചും നിയമ വശങ്ങളെ ക്കുറിച്ചും വക്കീലുമായോ ബിസിനസ് കൺസൾട്ടന്റുമായോ കൂടിയാലോചന നടത്തുക.
എല്ലാ വശങ്ങളും നോക്കണം
നന്നായി ശ്രദ്ധിച്ചാലും ചില വിരുതന്മാർ ഡയറക്ടർ ബോർഡിൽ റെസല്യൂഷൻ പാസാക്കി പ്രമോഷനൽ ഷെയർ, സ്വറ്റ് (വിയർപ്പ്) ഷെയർ, പാർട്ണർ ലോൺ എന്നൊക്കെപ്പറഞ്ഞ് കമ്പനി ഫണ്ട് ദുരുപയോഗം ചെയ്യാറുണ്ട്. ഇത് പാർട്ണർമാരുടെ യോഗത്തിൽ ചർച്ചക്ക് വരാത്തതുകൊണ്ട് സാധാരണ പാർട്ണർമാർ ഇത്തരം വിഷയങ്ങളിൽ അജ്ഞരായിരിക്കും. ഡയറക്ടർമാരുടെ ഇത്തരം കെടുകാര്യസ്ഥത കാരണം കമ്പനികൾ നഷ്ടത്തിലാവുന്നത് സർവ സാധാരണമാണ്. ഡയറക്ടർമാരും ഡെസിഗ്നേറ്റഡ് പാർട്ണർമാരും കമ്പനിയുടെ ഫണ്ട് ദുരുപയോഗം ചെയ്തു എന്ന് ബോധ്യപ്പെട്ടാൽ രജിസ്ട്രാർ ഓഫ് കമ്പനിയിൽ പരാതി കൊടുക്കുന്നതോടൊപ്പം നിയമ നടപടികളും പാർട്ണർമാർക്ക് സ്വീകരിക്കാം. ആവശ്യമായി വന്നാൽ പ്രസ്തുത വിഷയത്തിൽ നോർക്ക ലീഗൽ സെല്ലിന്റെ സഹായവും തേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.