വർഗീയ രാഷ്ട്രീയത്തെ പിടിച്ചുകെട്ടി ജനാധിപത്യത്തിന്റെ ഉണർവ്
text_fieldsഇന്ത്യൻ രാഷ്ട്രീയം ലോകത്തിനുതന്നെ അത്ഭുതമായ ഒന്നാണെന്നു തെളിയിച്ചാണ് കർണാടക തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നിരിക്കുന്നത്. മതേതര ജനാധിപത്യ രാജ്യം എന്ന അഭിമാനകരമായ നിലയിൽനിന്ന്, ന്യായീകരണങ്ങൾ ഇല്ലാത്തവിധം പിന്നോട്ടുപോകുന്ന തരം രാഷ്ട്രീയ സാമൂഹിക സാമുദായിക സംഭവങ്ങളാണ് കഴിഞ്ഞ എട്ടു വർഷങ്ങളായി രാജ്യത്ത് നടന്നുവന്നിരുന്നത്. പാലിക്കപ്പെടാത്ത വലിയ വാഗ്ദാനങ്ങൾ നൽകി മോദി പ്രഭാവം ഉണ്ട് എന്ന വ്യാജേനയാണ് കേന്ദ്രത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നത്. ബി.ജെ.പി ഇതര നേതാക്കളെ അന്വേഷണ ഏജൻസികൾ വഴി കേസുകളിൽ കുടുക്കി ഒതുക്കുന്ന പ്രവണതയാണ് പിന്നീട് കണ്ടത്. ഹിന്ദുത്വ ആശയങ്ങളും ഇതിനൊപ്പം ശക്തിപ്പെടുത്തി. ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടി.
ഇതിനെല്ലാമെതിരെ കർണാടകയിലെ വോട്ടർമാർ സമ്മതിദാനാവകാശം നിർവഹിച്ചപ്പോൾ ഹിന്ദുത്വ ദേശീയതയിലൂടെ വീണ്ടും വിജയം നേടാമെന്ന സംഘ്പരിവാർ ശ്രമങ്ങൾക്ക് തിരിച്ചടി ഏറ്റിരിക്കുകയാണ്. മൂന്നാം ഊഴത്തിലും കർണാടക ഭരണനിയന്ത്രണം കിട്ടാൻ ബി.ജെ.പി വലിയ പരിശ്രമം നടത്തിയിരുന്നു. ബി.ജെ.പി പരാജയത്തിന് ആം ആദ്മി പാർട്ടിയും കെജ്രിവാളും നൽകിയ തിരിച്ചടി ചെറുതല്ല. ദിവസങ്ങൾക്കു മുമ്പ് ഡൽഹിയിലെ ആം ആദ്മി സർക്കാറിനു ഭരണാവകാശം നൽകിയ സുപ്രീംകോടതി വിധി ഇതിനോട് ചേർത്തുവായിക്കണം. മോദി-അമിത് ഷാ അധികാര കൂട്ടുകെട്ടിന് കിട്ടിയ വലിയ അടിയായിരുന്നു അത്.
ജനങ്ങൾ വെറുപ്പിന്റെ വർഗീയ രാഷ്ട്രീയത്തിനുപരിയായി രാജ്യത്തിന്റെ ഭാവിയും ക്ഷേമവും അഴിമതിരഹിത വികസനവും ലക്ഷ്യംവെച്ച് മുന്നോട്ടുപോകുമ്പോൾ നമുക്ക് സമാധാനപരമായ സാമൂഹിക പശ്ചാത്തലത്തിൽ ജീവിതം സാധ്യമാകും.
ജനോപകാര വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തവർക്ക് ഭരണനിലനിൽപില്ല എന്ന സന്ദേശം ജനം വരുന്ന തെരഞ്ഞെടുപ്പുകളിലും നൽകട്ടെ. വർഗീയവിരുദ്ധ ഐക്യം ഇതര പാർട്ടികളിൽ വളർന്നുവരട്ടെ.
ദക്ഷിണേന്ത്യയിൽ ബി.ജെ.പിയുടെ വിഘടിത രാഷ്ട്രീയത്തിന് നിലനിൽപ് ഇല്ലാതായിരിക്കുന്നു എന്നുകൂടി കർണാടക ഫലം തെളിയിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷകൾ നൽകുന്നതു കൂടിയാണ് കർണാടക ഫലം. ആ മാറ്റത്തിനായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കാത്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.