കാന്‍സര്‍ രോഗമുക്തരുടെ നിരക്കില്‍ വർധന
text_fieldsകുവൈത്ത്സിറ്റി: രാജ്യത്ത് കാന്‍സര്‍ മുക്തരായവരുടെ നിരക്കില്‍ വർധന. 2013 നും 2017നും ഇടയില്‍ രോഗ നിർണയം നടത്തി ഭേദമായവരുടെ എണ്ണത്തിൽ 75 ശതമാനം വർധന രേഖപ്പെടുത്തി. കാന്‍സര്‍ രംഗത്ത് ആഗോളതലത്തില്‍ തന്നെ ഏറ്റവും നൂതനമായ ചികിത്സയാണ് കുവൈത്തില്‍ നല്‍കുന്നത്.
രാജ്യത്തെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 26,312 കാൻസർ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 51 ശതമാനം കുവൈത്തികളും ബാക്കി പ്രവാസികളുമാണ്. രാജ്യത്തെ കാന്‍സര്‍ രോഗികളായ പ്രവാസികളുടെ ശരാശരി പ്രായം 53 നും 54നും ഇടയിലാണെങ്കില്‍ സ്വദേശി പൗരന്മാരില് 49നും 50നും ഇടയിലാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ കാന്‍സര്‍ രോഗികളില്‍ നാലു ശതമാനം 18 വയസ്സോ അതിൽ താഴെയോയുള്ള കുട്ടികളാണ്. അതിനിടെ കുവൈത്തിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഒന്നു മുതല്‍ അഞ്ച് ശതമാനം വരെ കാന്‍സര്‍ രോഗികള്‍ വർധിച്ചതായി ദേശീയ കാൻസർ അവയര്നന്സ് കാമ്പയിന് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സലേഹ് പറഞ്ഞു. വൻകുടലിനെ ബാധിക്കുന്ന അർബുദമാണ് കുവൈത്തിൽ കൂടുതൽ കണ്ടു വരുന്നത്. സ്ത്രീകളിൽ ഗർഭപാത്രം, സ്തനാർബുദം, തൈറോയ്ഡ് എന്നിവയും അടുത്ത കാലത്തായി കൂടുതല്‍ കണ്ടുവരുന്നതായി അദ്ദേഹം പറഞ്ഞു.
കാൻസറുമായി ബന്ധപ്പെട്ട കാമ്പയിന് പൊതുജനങ്ങളുടെ ധാരണ മാറ്റുന്നതിൽ വലിയ മാറ്റമാണ് കൊണ്ടു വന്നത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് രോഗം കണ്ടു പിടിക്കാനുളള സൗകര്യങ്ങള്‍ രാജ്യത്ത് ഏറെ മെച്ചപ്പെട്ടതായും അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ പ്രതീക്ഷ പകരുന്നതായും അൽ സലേഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.