ദീനാറിന്റെ രൂപയിലേക്കുള്ള വിനിമയനിരക്കിൽ വർധന
text_fieldsകുവൈത്ത്സിറ്റി: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ കുവൈത്ത് ദീനാറിന്റെ രൂപയിലേക്കുള്ള വിനിമയ നിരക്കിൽ വർധന. കുവൈത്ത് ദീനാറിന് രൂപയിലേക്കുള്ള കൈമാറ്റത്തിൽ മികച്ച റേറ്റാണ് നിലവിൽ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഒരു ദീനാറിന് 270 രൂപക്ക് മുകളിൽ രേഖപ്പെടുത്തുന്നുണ്ട്. ചൊവ്വാഴ്ച 271ന് മുകളിൽ എത്തി.
കഴിഞ്ഞ വർഷം അവസാനത്തിൽ തിരിച്ചടി നേരിട്ടിരുന്ന യു.എസ് ഡോളർ ഈ വർഷം കരുത്താർജിച്ചു. ലോക രാഷ്ട്രങ്ങളിലെയും മിഡിൽ ഈസ്റ്റിലെയും സംഘർഷാവസ്ഥയാണ് യു.എസ് ഡോളറിന് സഹായകമായത്. ഈ വർഷം ആദ്യ ട്രേഡിങ് സെഷനിൽ തന്നെ യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിവ് രേഖപ്പെടുത്തി. ആഭ്യന്തര വിപണിയിലെ ദുർബലതയും യു.എസ് ഡോളറിന്റെ പോസിറ്റീവ് മൂല്യവുമാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയാൻ കാരണം. ക്രൂഡ് ഓയിൽ വിലയിലുണ്ടായ ചാഞ്ചാട്ടവും രൂപയെ ബാധിച്ചു. ഒരു കുവൈത്ത് ദീനാറിന് ശരാശരി 268 ഇന്ത്യൻ രൂപ ലഭിച്ചിരുന്നത് കഴിഞ്ഞ വർഷം പകുതിയോടെ 269ന് മുകളിൽ എത്തിയിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ 270ന് മുകളിലും ചൊവ്വാഴ്ച 271ന് മുകളിലും എത്തി. അടുത്തിടെ ലഭിച്ച ഏറ്റവും ഉയർന്ന നിരക്കാണിത്. യു.എസ് ഡോളറിന്റെ ഉണർവ് കുറച്ചു കാലംകൂടി തുടരുമെന്നാണ് സൂചന. മിഡിലീസ്റ്റിലെ സംഘർഷങ്ങൾക്ക് അയവുവരുന്നതോടെ ഡോളറിൽ ഇടിവുണ്ടാകുമെന്നാണ് സാമ്പത്തിക രംഗത്തുള്ളവർ പറയുന്നത്. യു.എസിലെ പണപ്പെരുപ്പവും ഇതിനെ ബാധിക്കും.
മികച്ച വിനിമയ മൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കാൻ കുവൈത്തിലെ പണ ഇടപാട് എക്സ്ചേഞ്ചുകളിൽ എത്തുന്നവരുടെയും എണ്ണം കൂടി. ഒരു ദീനാറിന് രണ്ടു രൂപയോളം മാറ്റം വന്നതോടെ കൂടുതൽ പണം അയക്കുന്നവർക്ക് ഈ സമയം അധിക തുക ലഭിക്കും. പണമിടപാട് സ്ഥാപനങ്ങൾക്കും ഇതോടെ ഉണർവ് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.