പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധന, വേതനത്തില്‍ ഇടിവ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശി തൊഴിലാളികളുടെ പ്രതിമാസ വേതനത്തില്‍ വർധന. പ്രവാസി തൊഴിലാളികളുടെ ശമ്പളത്തില്‍ നേരിയ ഇടിവ്. പ്രതിമാസ വേതനം സംബന്ധിച്ച പ്രമുഖ സാമ്പത്തിക ഉപദേശക, ബിസിനസ് കൺസൽട്ടൻസി സ്ഥാപനമായ അൽ ഷാൽ റിപ്പോർട്ടിലാണ് പുതിയ കണക്ക്.
റിപ്പോർട്ട് പ്രകാരം സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന പ്രവാസി തൊഴിലാളിയുടെ ശരാശരി പ്രതിമാസ ശമ്പളം 337 ദീനാറും സ്വദേശി തൊഴിലാളിയുടേത് 1,538 ദീനാറുമാണ്.
സ്വദേശി തൊഴിലാളികളുടെ പ്രതിമാസ വേതനത്തില്‍ വർധനയുണ്ടായപ്പോള്‍, പ്രവാസി തൊഴിലാളികളുടെ ശമ്പളത്തില്‍ നേരിയ കുറവും രേഖപ്പെടുത്തി. രാജ്യത്തെ ആകെ പ്രവാസി തൊഴിലാളികളുടെ നാലിലൊന്നും ഗാർഹിക തൊഴിലാളികളാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗാർഹിക തൊഴിലാളികളുടെ എണ്ണം 27.2ശതമാനം വർധിച്ച് 780,000 ആയി. ഇതില്‍ 3,57,000 പുരുഷന്മാരും 4,23,000 സ്ത്രീകളുമാണ്. 117 ദീനാറാണ് ഗാര്‍ഹിക ജോലിക്കാരുടെ പ്രതിമാസ വേതനം.
സർക്കാർ മേഖലയില്‍ കുവൈത്ത് തൊഴിലാളികളുടെ എണ്ണം 3,73,000 ആയി. 2022നെ അപേക്ഷിച്ച് മൂന്ന് ശതമാനം വർധനയാണിത്. എന്നാല്‍ സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ എണ്ണം 71,700 ആയി കുറഞ്ഞു.
അതേസമയം, രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധനയുണ്ട്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷന്റെ പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്തെ ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള പ്രവാസി തൊഴിലാളികളുടെ എണ്ണം പത്ത് ശതമാനം വർധിച്ച് 20.73 ലക്ഷമായി. ഇന്ത്യ, ഈജിപ്ത്, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, സിറിയ, പാകിസ്താന്, ശ്രീലങ്ക എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കുവൈത്തിലെ വിദേശി സാന്നിധ്യത്തിന്റെ 90 ശതമാനവും. നിലവില്‍ പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാർ കുവൈത്തില്‍ ഉണ്ട്. ഇന്ത്യക്കാരിൽ അധികവും മലയാളികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.