പ്രവാസികള്‍ക്ക് അനുവദിച്ച വിസയുടെ എണ്ണത്തിൽ വർധന
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം രാജ്യത്തെത്തിയ പ്രവാസികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഇമിഗ്രേഷൻ റിപ്പോർട്ട്. കഴിഞ്ഞ വർഷം 3,18,000 പുതിയ വിസകളാണ് അനുവദിച്ചത്.
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ റിപ്പോർട്ടിലാണ് പുതിയ വിവരങ്ങൾ. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് പ്രാദേശിക മാധ്യമമായ അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.
കോവിഡിനുശേഷം വിവിധ മേഖലകളിലുണ്ടായ ഉണർവ് കൂടുതൽ പ്രവാസികൾ രാജ്യത്ത് എത്താൻ ഇടയാക്കിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ഗാർഹിക തൊഴിലാളികൾ, സിവിൽ ജോലിക്കാർ എന്നിവരാണ് റെസിഡന്റ്സ് പെർമിറ്റുകൾ ലഭിച്ചതിൽ മുന്നിൽ. ഗാർഹിക തൊഴിലാളികൾക്ക് 1,62,000, സ്വകാര്യ മേഖലക്ക് 1,65,000 എന്നിങ്ങനെ പെർമിറ്റ് അനുവദിച്ചു. അറബ് ഇതര ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളാണ് ഇതിൽ മുന്നിൽ. കഴിഞ്ഞ വർഷം എത്തിയ 67.2 ശതമാനവും ഈ പ്രദേശങ്ങളിൽനിന്നുള്ളവരാണ്.
അതിനിടെ 56,279 റെസിഡന്റ്സ് പെർമിറ്റുകളും കഴിഞ്ഞ വർഷം റദ്ദാക്കി. ഇതിൽ 54 ശതമാനം അറബ് ഇതര ഏഷ്യൻ തൊഴിലാളികളുടേതാണ്. ഇതേ കാലയളവിൽ 12,911 താൽക്കാലിക താമസ വിസകളും അധികൃതർ റദ്ദാക്കി.
സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ഇത് നടപ്പായി. ഗാർഹിക തൊഴിലാളികൾക്കുള്ള 5871 പെർമിറ്റുകൾ, 15,131 ഫാമിലി വിസകൾ എന്നിവയും റദ്ദാക്കി.
അതേസമയം, റിപ്പോർട്ട് അനുസരിച്ച് 2022ലെ റെസിഡൻസി നിയമലംഘകരുടെ എണ്ണം കഴിഞ്ഞ മൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നാൽ, രാജ്യത്ത് 1,33,440 താമസനിയമ ലംഘകര്‍ ഉണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ഗാര്‍ഹിക രംഗത്തും സ്വകാര്യ മേഖലയിലും തൊഴിലെടുക്കുന്നവരുണ്ട്. താമസനിയമ ലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്ത് കർശന പരിശോധനകൾ നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.